മൂന്നരലക്ഷം വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ മാര്‍പ്പാപ്പ വിടവാങ്ങല്‍ പ്രസംഗം നടത്തി

ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികള്‍ക്ക് നന്ദി പറഞ്ഞ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വിടവാങ്ങല്‍ പ്രസംഗം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ അരങ്ങേറി. മൂന്നരലക്ഷത്തിലധികം വിശ്വാസികള്‍ മാര്‍പാപ്പയെ കാണാന്‍ വത്തിക്കാനിലെത്തി.
വ്യാഴാഴ്ച വത്തിക്കാനിലെ ഔദ്യോഗിക വസതിയില്‍ കര്‍ദിനാള്‍മാര്‍ മാത്രം പങ്കെടുക്കുന്ന ചെറിയൊരു യാത്രയയപ്പ് ചടങ്ങ് മാത്രമാകും ഉണ്ടാകുക. രാത്രി എട്ടോടെ ബെനഡിക്ട് പതിനാറാമന്‍ ഉപയോഗിച്ചിരുന്ന സാധനങ്ങളും മറ്റ് രേഖകളും ഔദ്യോഗികവസതിയില്‍ നിന്ന് മാറ്റും. ഇതോടെ എട്ടുവര്‍ഷമായി താമസിച്ച ഇവിടെ നിന്ന് അദ്ദേഹം പടിയിറങ്ങും.
വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞശേഷം 'പോപ് എമിരറ്റസ്' എന്നറിയപ്പെടും. എന്നാല്‍ 'പരിശുദ്ധ പിതാവ്' എന്ന വിശേഷണവും മാര്‍പാപ്പയായപ്പോള്‍ സ്വീകരിച്ച ബെനഡിക്ട് പതിനാറാമന്‍ എന്ന പേരും തുടരുമെന്ന് വത്തിക്കാന്‍ വക്താവ് ഫെഡറികോ ലൊംബാര്‍ഡി പറഞ്ഞു.
മാര്‍പാപ്പയായിരുന്ന എട്ടുവര്‍ഷക്കാലം ഉപയോഗിച്ചിരുന്ന സ്വര്‍ണമോതിരവും സീലും ഉപേക്ഷിക്കും. കാലംചെയ്ത മാര്‍പാപ്പമാരുടെ സീല്‍ നശിപ്പിക്കാറാണ് പതിവ്. അതുപോലെ ബെനഡിക്ട് പതിനാറാമന്റെ ഔദ്യോഗിക സീലും നശിപ്പിക്കും.
നിലവില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള നീളമുള്ള വെള്ള വസ്ത്രമായിരിക്കും തുടര്‍ന്നും ധരിക്കുക. എന്നാല്‍ കൂടെ ധരിക്കുന്ന കൈയ്യില്ലത്ത ഉടുപ്പടക്കമുള്ളവ ഉണ്ടാകില്ല. ഇപ്പോള്‍ ഉപയോഗിക്കുന്ന ചുവപ്പ് ഷൂവിന് പകരം മെക്‌സിക്കോ സന്ദര്‍ശനവേളയില്‍ ഒരു കൈത്തൊഴിലുകാരന്‍ സമ്മാനിച്ച ബ്രൗണ്‍ ഷൂ ആയിരിക്കും ഉപയോഗിക്കുക.
https://www.facebook.com/Malayalivartha