ബംഗ്ലാദേശില്‍ കലാപത്തിന് ശമനമില്ല, ഇതുവരെ 53 പേര്‍ കൊല്ലപ്പെട്ടു, ജമാഅത്തെ ഇസ്‌ലാമി നിരോധനഭീഷണിയില്‍

ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ അന്യായമായി വിചാരണചെയ്യുന്നുവെന്നാരോപിച്ച് ബംഗ്ലാദേശില്‍ നടക്കുന്ന കലാപം തുടരുന്നു. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി. വടക്കന്‍ ജില്ലയായ ഗെയിബന്ദയില്‍ ആക്രമണത്തില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു. പലയിടത്തും പോലീസും പ്രക്ഷോഭകാരികളും തമ്മില്‍ ഏറ്റുമുട്ടി.
തലസ്ഥാനമായ ധാക്കയില്‍ സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. ജമാഅത്തെ ഇസ്‌ലാമി വൈസ്പ്രസിഡന്‍റ ദെല്‍വര്‍ ഹുസൈന്‍ സയ്യിദിയെ വ്യാഴാഴ്ച പ്രത്യേക ട്രൈബ്യൂണല്‍ വധശിക്ഷയ്ക്ക് വിധിച്ചതോടെയാണ് കലാപം രൂക്ഷമായത്.
രണ്ടുമാസത്തിനിടെ ബംഗ്ലാദേശില്‍ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ ജമാഅത്തെ ഇസ്‌ലാമി നേതാവാണ് ദെല്‍വാര്‍ ഹുസൈന്‍. 1971-ല്‍ പാകിസ്താനില്‍നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായുള്ള സമരത്തില്‍ രാജ്യത്തിനെതിരെ നിന്നു എന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. ഇതേത്തുടര്‍ന്ന് മുപ്പതുലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ടതായും ആയിരക്കണക്കിന് സ്ത്രീകള്‍ ബലാത്സംഗത്തിനിരയായതായും പറയുന്നു.
യുദ്ധകുറ്റകൃത്യങ്ങളുടെ പേരില്‍ സംഘടനകളെ നിരോധിക്കാന്‍ പാര്‍ലമെന്‍റിന് അധികാരം നല്‍കുന്ന ബില്‍ ബംഗ്ലാദേശില്‍ കഴിഞ്ഞദിവസം പാസാക്കിയിരുന്നു. ഇതോടെ ജമാഅത്തെ ഇസ്‌ലാമി നിരോധനഭീഷണിയിലുമാണ്.
https://www.facebook.com/Malayalivartha