പതിനാലുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കൊഞ്ചിച്ചു വളര്‍ത്തിയ രാജവെമ്പാല തന്നെ ജീവനെടുത്തു!

ഇന്തോനേഷ്യയിലെ ജാവയിലുള്ള ബന്തുങ്ങിലാണ് പതിനാലു വയസ്സുകാരന്‍ വളര്‍ത്തു പാമ്പിന്റെ കടിയേറ്റു മരിച്ചത്. വീട്ടില്‍ വളര്‍ത്തുന്ന പാമ്പിനെ കയ്യിലെടുക്കുന്നതു മുതല്‍ പാമ്പിന്റെ കടിയേറ്റ പാടു വരെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ അറില്‍ എന്ന കൗമാരക്കാന്‍ പങ്കുവയ്ക്കുകയും ചെയ്തു. തന്നെ രക്ഷിക്കാന്‍ സുഹൃത്തുക്കളോടു സമൂഹമാധ്യമങ്ങളിലൂടെ ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും തമാശയാണെന്നു കരുതി എല്ലാവരും ഇക്കാര്യം അവഗണിക്കുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷം അറിലിനെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചെറുപ്പം മുതല്‍ പാമ്പുകളെ വളര്‍ത്താനും പാമ്പിനെ പിടിക്കാനും ശീലിച്ച അറിലിനെ ഇപ്പോഴത്തെ വളര്‍ത്തു പാമ്പുകളിലൊന്നായ രാജവെമ്പാലയാണ് കടിച്ചത്. രാവിലെ 9.50-ന് രാജവെമ്പാലയെ കളിപ്പിക്കുന്നതിനിടെയില്‍ എടുത്ത ചിത്രങ്ങളാണ് അറില്‍ ആദ്യം വാട്‌സാപില്‍ പോസ്റ്റ് ചെയ്തത്. രാജവെമ്പാല ചിരിക്കാത്തതെന്ത് എന്ന അടിക്കുറിപ്പോടെ വാട്‌സാപ് സ്റ്റാറ്റസ് ആയാണ് ഈ ചിത്രമിട്ടത്. ഈ സമയത്ത് മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.
നാലു മിനിട്ടിനു ശേഷം വീണ്ടും അറില്‍ അടുത്ത ഫൊട്ടോ പോസ്റ്റ് ചെയ്തു. മരണത്തിനും ജീവിതത്തിനുമിടയില്‍ എന്ന അടിക്കുറിപ്പോടെ അറില്‍ പോസ്റ്റ് ചെയ്തത് രാജവെമ്പാലയുടെ കടിയേറ്റു കയ്യിലുണ്ടായ മുറിവിന്റെ ചിത്രമാണ്. സുഹൃത്തുക്കള്‍ ഈ സ്റ്റാറ്റസ് അപ്‌ഡേറ്റെല്ലാം കണ്ടെങ്കിലും തമാശയാണെന്നാണ് വിചാരിച്ചത്. എന്നാല്‍ പിന്നീട് അറില്‍ അവസാനമായി പോസ്റ്റ് ചെയ്ത സ്റ്റാറ്റസാണ് സുഹൃത്തുക്കളെ വീട്ടിലേക്കെത്തിച്ചത്. ആരെങ്കിലും എന്റെ യഥാര്‍ത്ഥ സുഹൃത്തുക്കളാണെങ്കില്‍ എന്നെ രക്ഷിക്കൂ എന്നതായിരുന്നു ഈ സ്റ്റാറ്റസ്.
ഇതുകണ്ട സുഹൃത്തുക്കള്‍ പതിനൊന്നു മണിയോടെ അറിലിന്റെ വീട്ടിലെത്തി. എന്നാല്‍ ഇതിനകം തന്നെ അറില്‍ അവശനായിക്കഴിഞ്ഞിരുന്നു. വൈകാതെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില വല്ലാതെ വഷളായ അറില്‍ രാത്രി പത്തു മണിയോടെ മരിച്ചു.
https://www.facebook.com/Malayalivartha























