മഞ്ഞുരുകാൻ സാധ്യതയേറുന്നു ! ; ഉത്തര -ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ വീണ്ടും ; പ്രതിനിധി ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച് ലോകരാഷ്ട്രങ്ങൾ

യുഎസ്- ഉത്തരകൊറിയ തര്‍ക്കവും ഭീഷണിയും ശക്തമായിരിക്കുന്നതിനിടെ ഇരുകൊറിയകളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഉത്തരകൊറിയ -ദക്ഷിണ കൊറിയ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ച് രണ്ട് വര്‍ഷം മുന്‍പ് ഇരുരാജ്യങ്ങളും നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിച്ചിച്ചെങ്കിലും ഇടയ്ക്ക് വച്ച് അവസാനിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ആരംഭിച്ചിരിക്കുന്ന ചര്‍ച്ചകളിലെ ഫലത്തിലേക്ക് ലോകം ഉറ്റുനോക്കുന്നത്.
ദക്ഷിണകൊറിയന്‍ അതിര്‍ത്തിക്കുള്ളില്‍പ്പെടുന്നതും എന്നാല്‍ സൈനിക സാന്നിധ്യമില്ലാത്തതുമായ(ഡിഎംഇഡഡ്) പന്‍മുന്‍ജ്ഞോം ഗ്രാമത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. അഞ്ച് ഉത്തരകൊറിയന്‍ പ്രതിനിധികളാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ഇവര്‍ പ്രാദേശിക സമയം രാവിലെ ഒന്‍പതരയോടെ സ്വന്തം രാജ്യാതിര്‍ത്തി കടന്ന് പന്‍മുന്‍ജ്ഞോമിലെത്തുകയായിരുന്നു. ഇവിടെ കാത്തുനിന്ന ദക്ഷിണ കൊറിയന്‍ പ്രതിനിധികള്‍ ഇവരെ സ്വീകരിച്ചു. തുടര്‍ന്നാണ് സൗഹൃദാന്തരീക്ഷത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ദക്ഷിണകൊറിയയിലെ പ്യോഗ്ചാങില്‍ നടക്കുന്ന ശീതകാല ഒളിമ്ബിക്സില്‍ തങ്ങളുടെ കായികതാരങ്ങളെ അയക്കാമെന്ന് ചര്‍ച്ചയില്‍ ഉത്തരകൊറിയ അറിയിച്ചത് സമാധാനശ്രമങ്ങളുടെ ശുഭസൂചനയായി. അടുത്ത മാസം കൂടുതല്‍ ചര്‍ച്ചകള്‍ നടത്താമെന്ന ദക്ഷിണകൊറിയയുടെ നിര്‍ദേശവും ഉത്തരകൊറിയ സ്വീകരിച്ചു. കൊറിയന്‍ യുദ്ധത്തില്‍ വേര്‍പിരിഞ്ഞുപോയ ഇരുരാജ്യങ്ങളിലുമുള്ള ബന്ധുക്കളുടെ ഒത്തുചേരല്‍ കൊറിയന്‍ പുതുവത്സരദിനമായ ഫെബ്രുവരി 16 നോടനുബന്ധിച്ചുള്ള ഒരു ദിവസം നടത്താമെന്നും ചര്‍ച്ചയില്‍ തീരുമാനമായി. ഫെബ്രുവരി ഒന്‍പത് മുതല്‍ 25 വരെയാണ് ശീതകാല ഒളിമ്ബിക്സ് പ്യോഗ്ചാങില്‍ നടക്കുന്നത്. ഒളിമ്ബിക്സില്‍ ഉത്തരകൊറിയന്‍ കായികതാരങ്ങള്‍ പങ്കെടുക്കുന്നതിനൊപ്പം ഇതിനിടെ ഇരുരാജ്യങ്ങളിലെയും ബന്ധുക്കള്‍ക്ക് ഒത്തുചേരാന്‍ അവസരവും വരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുകലില്‍ നിര്‍ണായകമാകുമെന്ന് കരുതപ്പെടുന്നു.
https://www.facebook.com/Malayalivartha























