ഇനി വിദേശികൾക്ക് എത്യോപ്യയിൽ നിന്നും കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയില്ല

ദത്തെടുക്കുന്ന കുട്ടികളെ ദുരുപയോഗപ്പെടുത്തുന്നതായി വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് വിദേശികൾ കുട്ടികളെ ദത്ത് എടുക്കുന്നത് എത്യോപ്യ വിലക്കി. അമേരിക്കയിൽ ദത്തെടുക്കപ്പെടുന്ന കുട്ടികളിൽ 20 ശതമാനവും എത്യോപ്യയിൽനിന്നായിരുന്നു. അമേരിക്കക്കാർ കുട്ടികളെ ദത്തെടുക്കുന്ന പ്രധാന സ്ഥലമായിരുന്നു എത്യോപ്യ.
സെലിബ്രിറ്റികളായ ബ്രാഡ് പിറ്റ്-ആഞ്ചലീന ജോളി ദമ്പതികളും എത്യോപ്യയിൽനിന്നും കുട്ടിയെ ദത്തെടുത്തിട്ടുണ്ട്. 1999 വരെ 15,000 കുട്ടികളെ എത്യോപ്യയിൽനിന്നും അമേരിക്കക്കാർ ദത്തെടുത്തു. സ്പെയിൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽനിന്നും എത്യോപ്യൻ കുട്ടികളെ ദത്തെടുക്കുന്നത് പതിവാണ്. എന്നാൽ 2013 ൽ ദത്തെടുത്ത പെൺകുട്ടിയെ അമേരിക്കൻ ദമ്പതികൾ കൊലചെയ്ത സംഭവത്തിനു ശേഷം ദത്ത് സമ്പ്രദായം ചോദ്യം ചെയ്യപ്പെട്ടിരുന്നു.
അശ്ലീല വീഡിയോ നിർമിക്കുന്നതിനും മനുഷ്യക്കടത്തുപോലുള്ള കാര്യങ്ങൾക്കും ദത്തെടുക്കൽ സമ്പ്രദായം ഇടയാക്കിയിട്ടുണ്ടെന്നായിരുന്നു വിമർശനം. രണ്ടു വർഷങ്ങൾക്കു മുമ്പ് ഡെൻമാർക്ക് എത്യോപ്യയിൽനിന്നുള്ള കുട്ടികളെ ദത്തെടുക്കുന്നത് നിരോധിച്ചിരുന്നു.
https://www.facebook.com/Malayalivartha























