കാലിഫോർണിയയിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി; മരണസംഖ്യ ഉയരാൻ സാധ്യത

കാലിഫോർണിയയിൽ കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 17 ആയി. 163 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 13 പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
പ്രളയത്തിൽ നൂറോളം വീടുകളാണ് പൂർണമായും നശിച്ചത്. മുന്നൂറിലധികം വീടുകൾ ഭാഗീകമായി നശിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസ് നഗരത്തിനു വടക്കുപടിഞ്ഞാറുള്ള മോണ്ടിസിറ്റോ, കാർപെന്റിരിയ മേഖലകളിലാണു ചൊവ്വാഴ്ച കനത്ത മഴയുണ്ടായത്. ഇതേതുടർന്നു പ്രളയവും മണ്ണിടിച്ചിലുമുണ്ടാകുകയായിരുന്നു.
മോണ്ടിസിറ്റോയിൽ അഞ്ചുമിനിറ്റിനകം ഒന്നര സെന്റിമീറ്റർ മഴയാണു പെയ്തത്. അതിസമ്പന്നരും പ്രശസ്തരും താമസിക്കുന്ന മേഖലയാണു മോണ്ടിസിറ്റോ. ഇവിടെയുള്ള ഓഫ്രാ വിൻഫ്രിയുടെ വീട് അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. സാന്റാ ബാർബര കൗണ്ടിയിൽനിന്നു നേരത്തെ ഏഴായിരത്തോളം പേരെ ഒഴിപ്പിച്ചുമാറ്റി. സാന്റാ ബാർബരയ്ക്കു കിഴക്കുള്ള റോമറോ കാന്യണിൽ കുടുങ്ങിയ 300ൽ അധികം പേരെ രക്ഷിക്കാനുള്ള ശ്രമം തുടർന്നുക്കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























