മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ തീവ്രവാദികളെന്ന് തുറന്നടിച്ച് നവാസ് ഷെരിഫ്

2008 മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ തീവ്രവാദികളാണെന്ന് പുറത്താക്കപ്പെട്ട പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരിഫിന്റെ വെളിപ്പെടുത്തൽ. പാക് ദിനപ്പത്രമായ ദി ഡോണിനു നൽകിയ അഭിമുഖത്തിലായിരുന്നു ഷെരിഫിന്റെ വെളിപ്പെടുത്തൽ. ഇത്തരം ഭീകരാക്രമണങ്ങളെ പാക്കിസ്ഥാൻ സംരക്ഷിച്ചിരുന്നെന്നും നിലവിൽ പാക്കിസ്ഥാൻ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും ഷെരിഫ് പറഞ്ഞു.
ഭീകരസംഘടനകൾ പാക്കിസ്ഥാനിൽ സജീവമാണ്. അവരുമായി പാകിസ്ഥാനു ബന്ധമില്ലെന്നു പറയാം. എന്നിരുന്നാലും അതിർത്തികടന്ന് മുംബൈയിൽ 150 പേരെ വധിക്കാൻ ഈ സംഘങ്ങളെ നാം എന്തിനു അനുവദിക്കണം. എന്തുകൊണ്ടാണ് കേസിലെ വിചാരണ പൂർത്തിയാക്കാത്തത്- ഷെരിഫ് ചോദിക്കുന്നു. അതേസമയം, ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചെന്ന് ഇന്ത്യ ആരോപിക്കുന്ന ഹാഫിസ് സെയ്ദിന്റെയോ മൗലാന മസൂദ് അസറിന്റെയോ മറ്റു ഭീകര സംഘടനകളുടെയോ പേര് ഷെരിഫ് അഭിമുഖത്തിൽ പരാമർശിച്ചില്ല.
മുംബൈയിൽ നടന്ന ഭീകരാക്രമണങ്ങൾക്കു പിന്നിൽ പാക് ഭീകരസംഘടനയായ ലഷ്കർ ഇ തോയ്ബയാണെന്ന് ഇന്ത്യ ദീർഘകാലമായി ആരോപിക്കുന്നുണ്ട്. 2008 നവംബർ 26-ന് മുംബൈയിൽ വിവിധയിടങ്ങളിലായി 10 ഭീകരർ നടത്തിയ ആക്രമണത്തിൽ 166 പേരാണ് മരിച്ചത്.
https://www.facebook.com/Malayalivartha
























