ഓവർ സ്മാർട്ട് വേണ്ട! ദേവികുളം സബ് കളക്ടറെ സർക്കാർ കൈകാര്യം ചെയ്യാൻ ഒരുങ്ങുന്നു...

അങ്ങനെ ദേവികുളം സബ് കളക്ടർ വി.ആർ പ്രേംകുമാറിനെതിരെ നടപടി വരുന്നു. ദേവികുളം സബ് കളക്ടർ വാഴാത്ത സബ് ഡിവിഷനായി മാറുകയാണ്. നേരത്തെ ശ്രീറാം വെങ്കിട്ടരാമൻ സബ് കളക്ടറായിരുന്ന കാലത്താണ് ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നീക്കങ്ങൾ ചെറുത്തപ്പോൾ അദ്ദേഹത്തെ ദേവികുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നാടുകടത്തിയത്.
ജോയ്സ് ജോർജിന്റെ വിവാദ ഭൂമിയാണ് പ്രേംകുമാറിന് വിനയായി തീർന്നത്. ജോയ്സ് എം പി യുടെ കുടുംബത്തിന്റെ പേരിലുള്ള പട്ടയം റദ്ദാക്കിയ സബ് കളക്ടറുടെ നടപടി ജില്ലാ കളക്ടർ അസാധുവാക്കി. നടപടിക്രമം പൂർത്തിയാക്കിയല്ല നടപടിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജില്ല കളക്ടർ ഉത്തരവിട്ടത്. ജോയ്സ് ജോർജിന്റെ വാദം കേൾക്കാതെ സബ് കളക്ടർ തീരുമാനമെടുത്തു എന്ന ആരോപണവും ജില്ലാ കളക്ടർ ഉന്നയിക്കുന്നു.
അഭിഭാഷകൻ മുഖേനെ ഹാജരാകാനുള്ള പരാതിക്കാരന്റെ അവകാശം നിഷേധിച്ചു. കേരള ഹൈകോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുകൾ സബ് കളക്ടർ മുഖവിലയ്ക്ക് എടുത്തില്ലെന്നും കളക്ടർ ആരോപിക്കുന്നു. ഇക്കാര്യം നാളെ കോടതിയിലെത്തിയാൽ സബ് കളക്ടർ ഇറുകും. തെളിയിക്കപ്പെട്ടാൽ അത് കോടതിയലക്ഷ്യമാകും.
പ്രേംകുമാറിനെ പണ്ടേ സർക്കാർ നോട്ടമിട്ടതാണ്. പിണറായി സർക്കാർ അധികാരമേറ്റപ്പോൾ പറഞ്ഞാൽ കേൾക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് ശ്രീറാമിനെ മാറ്റിയത്. തുടർന്ന് പ്രേം കുമാറിനെ നിയമിച്ചു. പ്രേം കുമാർ ശ്രീറാമിന്റെ അടുത്ത സുഹുത്താണ്. ശ്രീറാം പറയുന്നതാണ് പ്രേംകുമാർ കേൾക്കുന്നത്. ഇതെല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ ശ്രീറാമിനെ പോലെ മാധ്യമ വാർത്തകളിൽ പ്രേംകുമാറിന് താത്പര്യമില്ല.
ഇടുക്കിയിൽ യു ഡി എഫ് ഹർത്താൽ നടത്തിയ ദിവസം മുഖ്യമന്ത്രി പ്രേംകുമാറിനെ തള്ളി പറഞ്ഞിരുന്നു. കൃഷിക്കാരെ ബുദ്ധിമുട്ടിക്കുന്നതിനാണ് ദേവികുളം സബ് കളക്ടർ സർക്കാർ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോൾ തന്നെ പ്രേംകുമാറിനെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ നിയമസഭ നടക്കുന്നതിനാൽ അന്ന് നടപടിയെടുത്തില്ല. സബ് കളക്ടറെ നീക്കം ചെയ്യേണ്ടത് റവന്യൂ മന്ത്രിയാണ്. എന്നാണ് ഐഎഎസുകാർ മുഖ്യമന്ത്രിക്ക് കീഴിലാണ് വരുന്നതാണ് . അപ്പോൾ അദ്ദേഹത്തിനും നടപടി സ്വീകരിക്കാവുന്നതാണ്.
ജോയ്സ് ജോർജ് എം പി ക്ക് ഇടുക്കിയിലെ സഭകളുമായി അടുത്ത ബന്ധമുണ്ട്. അതു കൊണ്ടു തന്നെ പ്രേം കുമാറിനെതിരെ നടപടി ഉറപ്പാണ്. ജോയ്സ് ജോർജ് ഇടതു സ്ഥാനാർത്ഥിയായി ജയിച്ചത് കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ്. ഇടുക്കിയിലെ പ്രാദേശിക സി പി എം നേതാക്കളും ദേവികുളം സബ് കളക്ടർക്ക് എതിരാണ്. സബ് കളക്ടർക്കെതിരെ രാജേന്ദ്രൻ എം എൽ എ രംഗത്തെത്തിയിരുന്നു. വഴിവിട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് മാത്രമാണ് കേരളത്തിൽ സ്ഥാനമുള്ളത്. പ്രത്യേകിച്ച് ദേവികുളം പോലുള്ള വിവാദ സബ്ഡിവിഷനുകളിൽ.
ശ്രീറാം വെങ്കിട്ടരാമനാണ് പ്രേം കുമാറിന്റെ പിന്നിലെന്ന സംശയവും സർക്കാരിനുണ്ട്. മൂന്നാർ ഓപ്പറേഷനിൽ വി എസിന്റെ മൂന്ന് പൂച്ചകളിൽ ഒരാളായിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സുരേഷ് കുമാറിന്റെ സുഹൃത്തുക്കളാണ് പ്രേം കുമാറും ശ്രീറാമും. ശ്രീറാം വിവാദമുണ്ടാക്കിയ നാളുകളിൽ സുരേഷ് കുമാർ ദേവികുളത്ത് ക്യാമ്പ് ചെയ്തത് വാർത്തയായിരുന്നു.
https://www.facebook.com/Malayalivartha























