ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് ആയുഷ് മേഖലയുടെ സമഗ്ര പുരോഗതിയ്ക്ക് വഴിതെളിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് (IAC 2018) ആയുഷ് മേഖലയുടെ സമഗ്ര പുരോഗതിക്ക് വഴിതെളിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അറുപത് രാജ്യങ്ങളില്‍ നിന്നുമായി ആയിരത്തോളം പ്രതിനിധികള്‍ ഈ കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവിന്റെ മുന്നോടിയായി സോണല്‍തല എല്‍.എസ്.ജി ലീഡേഴ്‌സ് മീറ്റും സംസ്ഥാന ശില്‍പശാലയും ഗവ. ആയുര്‍വേദ കോളജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആയുഷ് മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടും ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ശാസ്ത്രീയാടിത്തറ വിപുലപ്പെടുത്താനും ഈചികിത്സാ സമ്പ്രദായത്തിലധിഷ്ഠിതമായ വെല്‍നസ് ടൂറിസം മേഖലയില്‍ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടിയാണ് ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ആയുര്‍വേദം ഹോമിയോപ്പതി, സിദ്ധ, യുനാനി, യോഗ & നാച്ചുറോപ്പതി എന്നീ ചികിത്സാ സമ്പ്രദായങ്ങളെ സമന്വയിപ്പിച്ച് കേരളത്തില്‍ നടത്തുന്ന ആദ്യ സംരംഭമാണ് ഇത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പാരമ്പര്യ അറിവുകളെ ഇവിടെ പരിചയപ്പെടുന്നതിനൊപ്പം നമ്മുടെ അറിവുകള്‍ അവര്‍ക്ക് നല്‍കുന്നതിനുമാണ് കോണ്‍ക്ലേവ് ലക്ഷ്യം വെയ്ക്കുന്നത്. ഈ കോണ്‍ക്ലേവിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആയുഷ് മേഖലയില്‍ നടപ്പിലാക്കുന്ന പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളെ ബഹുജനസമക്ഷം ശ്രദ്ധയില്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് എല്‍.എസ്.ജി ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ പാരമ്പര്യസ്വത്തായ ആയുര്‍വേദത്തെ ചികില്‍സ എന്നതിനപ്പുറം ടൂറിസവുമായി ചേര്‍ത്ത് വ്യാവസായികമായി മാറ്റാന്‍ കഴുന്നത് എങ്ങനെയാണെന്നും ചര്‍ച്ച ചെയ്യും. ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് കണ്ണൂരില്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഇതിനായി സ്ഥലമെടുത്തു കഴിഞ്ഞു. സാംക്രമിക രോഗങ്ങള്‍ വര്‍ധിക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്. പല വൈറസുകളെയും നശിപ്പിക്കുന്ന തരത്തിലുള്ള മരുന്നുകള്‍ കണ്ടുപിടിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ പുതിയ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷണം നടത്താന്‍ കഴിയുന്ന തരത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോണ്‍ക്ലേവിന്റെ ഭാഗമായി 3 ദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര ആയുഷ് സെമിനാര്‍, 4 ദിവസം നീണ്ടു നില്‍ക്കുന്ന എക്‌സിബിഷന്‍, ആയുര്‍വേദ ഔഷധ നയം സംബന്ധിച്ച ശില്‍പശാല, ടൂറിസം മേഖലയില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരം ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള ശില്‍പശാല, ബിസിനസ് മീറ്റ്, ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഹെല്‍ത്ത് ഫുഡ് ഫെസ്റ്റിവല്‍, ആയുഷ് സ്റ്റാര്‍ട്ട് അപ് കോണ്‍ക്ലേവ്, ആയുഷ് മേഖലയ്ക്ക് വേണ്ടി തദ്ദേശ സ്വയംഭരണ തലവന്‍മാരുടെ സംഗമം, ഔഷധസസ്യ കര്‍ഷക സംഗമം തുടങ്ങി വിവിധ പരിപാടികള്‍ ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവില്‍ ഉണ്ടാകും.
വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. സി. ഉഷാകുമാരി, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. ജമുന, ഭാരതീയ ചികില്‍സാ വകുപ്പ് ഡയറക്ടര്‍ ഡോ.അനിതാ ജേക്കബ്, ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം. സുഭാഷ്, എല്‍.എസ്.ജി ലീഡേഴ്‌സ് മീറ്റ് കണ്‍വീനര്‍ ഡോ. ലീനാ റാണി എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha























