അടിസ്ഥാനരഹിതമായ വിവാദങ്ങളുണ്ടാക്കി പ്രവാസി ചിട്ടിയില്‍ ചേരാനിരിക്കുന്നവരില്‍ ആശങ്ക സൃഷ്ടിക്കുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്

അടിസ്ഥാനരഹിതമായ വിവാദങ്ങളുണ്ടാക്കി പ്രവാസി ചിട്ടിയില്‍ ചേരാനിരിക്കുന്നവരില്‍ ആശങ്ക സൃഷ്ടിക്കുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. നിയമപരമായ എല്ലാ നിബന്ധനകളും പാലിച്ച് കെഎസ്എഫ്ഇ ആരംഭിക്കുന്ന പ്രവാസി ചിട്ടിയെക്കുറിച്ച് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വസ്തുതകള്‍ മനസിലാക്കാതെയാണ്. കെഎസ്എഫ്ഇ ആരംഭിക്കുന്ന എല്ലാത്തരം ചിട്ടികളും പോലെതന്നെ ചിട്ടി നടത്തിപ്പിന് ആവശ്യമായ എല്ലാ നിബന്ധനകളും പാലിച്ചാണ് പ്രവാസി ചിട്ടിയും തുടങ്ങുന്നത്. അതിനാവശ്യമായ നിയമപരമായ എല്ലാ അനുവാദങ്ങളും ലഭ്യമാക്കിയിട്ടുമുണ്ട്. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ ധനകാര്യ മന്ത്രി കെ.എം.മാണിയും ഉന്നയിക്കുന്ന ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ധനമന്ത്രി പറഞ്ഞു.
ചിട്ടിയുടെ സെക്യൂരിറ്റിക്ക് ബാങ്ക് ഗ്യാരണ്ടി വേണമെന്ന നിബന്ധനയാണ് കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിന് എതിരായി ചൂണ്ടിക്കാട്ടുന്നത്. ചിട്ടിത്തുകയ്ക്ക് ലഭ്യമാക്കാവുന്ന മൂന്നു തരത്തിലുള്ള സെക്യൂരിറ്റികളില്‍ ഒന്നുമാത്രമാണ് ബാങ്ക് ഗ്യാരണ്ടി. സര്‍ക്കാര്‍ സെക്യൂരിറ്റിയും ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് അനുസരിച്ചുള്ള സെക്യൂരിറ്റിയുമാണ് മറ്റു രണ്ടെണ്ണം. ഇതില്‍ ട്രസ്റ്റ് ആക്ട് അനുസരിച്ചുള്ളതാണ് കിഫ്ബി വഴി പ്രവാസിച്ചിട്ടിക്ക് ലഭ്യമാക്കുന്ന സെക്യൂരിറ്റി. ചിട്ടി നിയമത്തിന്റെ സെക്ഷന്‍ 14 (1)(സി) പ്രകാരവും 20(1)(സി) പ്രകാരവുമാണ് അംഗീകൃത സെക്യൂരിറ്റികളില്‍ ചിട്ടിപ്പണം നിക്ഷേപിക്കാന്‍ വ്യവസ്ഥയുള്ളത്. അംഗീകൃത സെക്യൂരിറ്റികളിലെ മുതലിനും പലിശയ്ക്കും 1882ലെ ഇന്‍ഡ്യന്‍ ട്രസ്റ്റ് നിയമത്തിന്റെ 20ാം വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ റദ്ദാക്കാനാകാത്ത ഗ്യാരണ്ടി നല്‍കുന്നുണ്ട്.
2016ലെ കിഫ്ബി നിയമപ്രകാരം കിഫ്ബി ബോണ്ടുകള്‍ക്കും സര്‍ക്കാര്‍ നൂറുശതമാനം ഗ്യാരണ്ടി നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ചിട്ടി തുക കിഫ്ബിയില്‍ ബോണ്ടായി നിക്ഷേപിക്കുന്നത് പൂര്‍ണമായും നിയമവിധേയമായിട്ടുള്ളതും സുരക്ഷിതവുമാണ്. ചിട്ടിയുടെ സെക്യൂരിറ്റി തുക സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കുന്നതിനാവശ്യമായ നിയമ ഭേദഗതി വരുത്തിയത് മുന്‍ ധനകാര്യമന്ത്രിയായിരുന്ന കെ.എം.മാണിയാണ്. ഈ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുകയാണ്. എന്നാല്‍ എല്ലാ കിഫ്ബി ബോണ്ടുകള്‍ക്കും നൂറു ശതമാനം സര്‍ക്കാര്‍ ഗ്യാരണ്ടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രവാസി ചിട്ടിയുടെ സെക്യൂരിറ്റി തുക കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിന് ഇത്തരത്തില്‍ ഒരു ഉത്തരവുപോലും ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരുത്തണമെങ്കില്‍ ആരുമായും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്.
https://www.facebook.com/Malayalivartha

























