കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ക്രൂര മർദ്ദനം; കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളി അണുബാധയെത്തുടർന്ന് മരണപ്പെട്ടു

കൊല്ലം അഞ്ചലിൽ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് മർദ്ദനമേറ്റ് ഇതര സംസ്ഥാനത്തൊഴിലാളി മരിച്ചു. രണ്ടാഴ്ച മുൻപ് പനയഞ്ചേരിയില്‍ വച്ച് പ്രദേശ വാസികളിൽ നിന്നും മര്‍ദ്ദനമേറ്റ പശ്ചിമ ബംഗാള്‍ സ്വദേശി മണിക് റോയി (32) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
പനയഞ്ചേരി സ്വദേശിയായ ശശി ഉൾപ്പെടെയുള്ള അഞ്ചംഗ ഗുണ്ടാ സംഘത്തിനെതിരെ അഞ്ചൽ പോലീസ് കേസെടുത്തിരുന്നു. ക്രൂരമായി മർദ്ദനമേറ്റ മണിയുടെ നിലവിളികേട്ട് നാട്ടുകാരും മണിക്ക് കോഴികളെ നൽകിയ വീട്ടുകാരും ഓടിയെത്തിയപ്പോൾ മണിക് ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് മണിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു ദിവസത്തിനുശേഷം മണിയെ ഡിസ്ചാര്‍ജ് ചെയ്തുവെങ്കിലും ഛര്‍ദ്ദിയെ തുടര്‍ന്ന് ഇയാളെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ ജീവന്‍ നഷ്ടമാകുകയായിരുന്നു.
ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. തലയുടെ പിന്‍ഭാഗത്തേറ്റ മുറിവില്‍ അണുബാധയുണ്ടായതും വിദഗ്ദ്ധ ചികില്‍സ കിട്ടാത്തതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം ഇവിടെയുള്ള ബന്ധുക്കളും സഹപ്രവര്‍ത്തകരും ഏറ്റുവാങ്ങി. ചൊവാഴ്ച സ്വദേശത്തേക്ക് കൊണ്ടുപോകും. മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























