എസ്ഡിപിഐ ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു

സംസ്ഥാനത്ത് നാളെ നടത്താനിരുന്ന എസ്ഡിപിഐ ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചതായി അറിയിച്ചു. അഭിമന്യു വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ നേതാക്കളെ വിട്ടയച്ചതിനാലാണ് ഹർത്താൽ പിൻവലിച്ചത്.
അഭിമന്യു വിഷയത്തിൽ എറണാകുളം പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിനെത്തിയ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി, അബ്ദുൾ മജീദിന്റെ ഡ്രൈവർ സക്കീർ, ഷൗക്കത്തലിയുടെ ഡ്രൈവർ ഷഫീഖ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിൽ വിശദീകരണം നൽകിയ ശേഷം തിരിച്ചിറങ്ങുമ്പോഴായിരുന്നു പോലീസ് അറസ്റ്റ്. പോലീസ് വാഹനത്തിൽ കയറാൻ കൂട്ടാക്കാതിരുന്ന എസ്ഡിപിഐ ഭാരവാഹികളെ ബലംപ്രയോഗിച്ചാണ് ഉദ്യോഗസ്ഥർ കൊണ്ടുപോയത്.
എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനായാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അന്വേഷണ സംഘത്തലവനായ എ.സി.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്തത്. നേതാക്കളെ പിന്നീട് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് വൈകുന്നേരം 5.15ഒാടെ ഇവരെ വിട്ടയക്കുകയായിരുന്നു.
അതേസമയം പോലീസ് വേട്ടയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന നേതൃത്വം അറിയിച്ചു.
https://www.facebook.com/Malayalivartha

























