കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കെ. മുരളീധരനെ കൊണ്ടുവരാനുള്ള രാഹുല്‍ഗാന്ധിയുടെ നീക്കം സജീവം; എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും അനുകൂല നിലപാടെടുക്കുന്നതോടെ കാര്യങ്ങള്‍ വേഗത്തിലാകും; മുമ്പ് കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ ചെയ്ത വലിയ കാര്യങ്ങള്‍ മുരളിയ്ക്കനുകൂലമാകുന്നു

കേരളത്തിലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കെ. മുരളീധരനെ നിയമിക്കാന്‍ സാധ്യതയേറുന്നു. കേരളത്തിലെ എ., ഐ ഗ്രൂപ്പ് പോരുമൂലം ദീര്‍ഘനാളായി തുടരുന്ന അധ്യക്ഷസ്ഥാന തര്‍ക്കത്തില്‍ ഇനി ഹൈക്കമാന്റ് നിര്‍ണായക തീരുമാനം എടുക്കാനാണ് സാധ്യത ഏറെയും. ഇതിനിടെ എന്തു തീരുമാനമെടുത്താലും എത്രയും വേഗം വേണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദേശീയ നേതൃത്വത്തെ അറിയിച്ചു.ഗ്രൂപ്പിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ അണിയറ നീക്കങ്ങള്‍ ശക്തമാക്കിയതോടെ, അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനമറിയാനുള്ള ആകാംക്ഷയേറി. സ്ഥാനത്തിനായി ശ്രമിക്കുന്നവരില്‍ ചിലര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തി. മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ നിലപാടും നിര്‍ണായകമാകും.
ഗ്രൂപ്പിനതീതരായി കെ.മുരളീധരന്‍ , മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.വി.തോമസ് എന്നിവരും ഗ്രൂപ്പ് പ്രതിനിധികളായി വി.ഡി.സതീശന്‍, കെ.സുധാകരന്‍, ബെന്നി ബഹനാന്‍ എന്നിവരാണ് മുന്‍ഗണനാ പട്ടികയില്‍. തീരുമാനത്തില്‍ സംസ്ഥാന ഘടകത്തിലെ സാമുദായിക സമവാക്യങ്ങളും രാഹുല്‍ പരിഗണിച്ചേക്കും. ഏതാനും ചിലരുടെ പേരുകള്‍ മുന്നിലെത്തിയപ്പോള്‍ സാമുദായിക സമവാക്യങ്ങള്‍ പാലിക്കുന്നതല്ലെന്നു രാഹുല്‍ അറിയിച്ചതായാണു സൂചന.
തങ്ങളുടെ പരിഗണനയിലുള്ള പേരുകള്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രാഹുലിനെ നേരില്‍ കണ്ട് അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡിന്റെ ഏതു തീരുമാനവും അംഗീകരിക്കാന്‍ തയാറാണെന്നും ഇരുവരും വ്യക്തമാക്കിയതോടെ പന്ത് ഇനി ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവെ, സ്വന്തം നിലയിലെടുക്കുന്ന തീരുമാനം പിഴവുറ്റതാകണമെന്ന സമ്മര്‍ദം രാഹുല്‍ നേരിടുന്നു. അതിന്റെ ഭാഗമായാണു ഡിസിസി പ്രസിഡന്റുമാര്‍, എംപിമാര്‍, പോഷക സംഘടന, യുവജന ഭാരവാഹികള്‍ എന്നിവരുടെയും അഭിപ്രായം തേടാന്‍ അദ്ദേഹം ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha
























