നാല് നടിമാരുടെയും രാജിക്കത്ത് കിട്ടി സന്തോഷം; ഏഴാം തീയതി ഷമ്മി തിലകനുമായും ജോയ് മാത്യുവുമായും അമ്മ ചര്‍ച്ച നടത്തും; മാധ്യമങ്ങളില്‍ അഭിപ്രായം പറഞ്ഞ് അപഹാസ്യരാവരുതെന്ന് അംഗങ്ങളോട് അമ്മ; പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ പറഞ്ഞ് തീര്‍ക്കണം

പരാതി നല്‍കിയ നടന്‍ ഷമ്മി തിലകനെയും ജോയ് മാത്യുവിനെയും താര സംഘടനയായ അമ്മ ചര്‍ച്ചയ്ക്ക് വിളിച്ചു. ഏഴാം തീയതി ഇവരുമായും ചര്‍ച്ച നടത്തും. അതേസമയം നാല് നടിമാരുടെയും രാജിക്കത്ത് കിട്ടി എന്ന് സര്‍ക്കുലറില്‍ സ്ഥിരീകരണമുണ്ട്. മാധ്യമങ്ങളില്‍ അഭിപ്രായം പറഞ്ഞ് അപഹാസ്യരാവരുതെന്ന് അംഗങ്ങളോട് അമ്മ അറിയിച്ചു. പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ പറയണമെന്നും അമ്മ വ്യക്തമാക്കുന്നു.
ദിലീപ് അറസ്റ്റിലായ സമയത്ത് അമ്മ സംഘടന രണ്ടായി പിളരുന്ന സാഹചര്യം ഉണ്ടായിരുന്നെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. അമ്മ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം വിളിച്ചുകൂട്ടിയ വാര്‍ത്ത സമ്മേളനത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.
അമ്മ പ്രസിഡന്റ് ആകുന്നതിന് മുമ്പേ നാല്‍പത് വര്‍ഷമായി മാധ്യമങ്ങളോട് ബന്ധമുള്ള ആളാണ് ഞാന്‍. ഇതെന്റെ വ്യക്തിപരമായ കാര്യമാണ്. 25 വര്‍ഷമായി അമ്മ സംഘടന തുടങ്ങിയിട്ട്. എന്നാല്‍ കഴിഞ്ഞ ജനറല്‍ബോഡി യോഗത്തില്‍ മാധ്യമങ്ങളെ വിളിക്കാതിരുന്നത് തെറ്റായിപ്പോയി. പെട്ടന്നുള്ള പ്രകോപനത്തില്‍ ഉണ്ടായ തീരുമാനമാണ്. അത് നവമാധ്യമങ്ങളിലൂടെ തത്സമയം ടെലികാസ്റ്റ് ചെയ്തിരുന്നു. പക്ഷേ ഇനി അങ്ങനെയൊരു വീഴ്ച ഉണ്ടാകില്ലെന്ന് ഞാന്‍ നിങ്ങളോട് ഉറപ്പുപറയുന്നു.
25 വര്‍ഷം മുമ്പാണ്ടായിരുന്ന ബൈലോ മാറ്റും. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കും. സിനിമ ഇല്ലാതിരിക്കുന്ന ഒരുപാട് താരങ്ങളുണ്ട്. എല്ലാവര്‍ക്കും അവസരം കൊടുക്കും. അതൊക്കെ പുതിയ തീരുമാനങ്ങള്‍ ആയിരിക്കും. ഡബ്യുസിസി ഒരു കത്തയച്ചിരുന്നു. അത് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് യോഗം എന്നാണെന്ന് തീരുമാനമെടുക്കും.
ദിലീപിനെ അറസ്റ്റ് ചെയ്ത സമയത്ത് പെട്ടന്നൊരു അവൈലബിള്‍ കമ്മിറ്റി കൂടുന്നു. ദിലീപിന്റെ പ്രശ്‌നം വന്നപ്പോള്‍ എന്ത് ചെയ്യണം എന്ന തത്രപ്പാടിലായിരുന്നു എല്ലാവരും. ആകെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ദിലീപിന്റെ കാര്യത്തിലെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ല. അമ്മ രണ്ടായി പിളരുമെന്ന് വരെ അപ്പോള്‍ സാഹചര്യമുണ്ടായി. പലരും പല അഭിപ്രായങ്ങള്‍ പറഞ്ഞു. ഫെഫ്കയില്‍ നിന്നും പ്രൊഡ്യൂസേര്‍സ് അസോസിയേഷനില്‍ നിന്നും അദ്ദേഹത്തെ മാറ്റി. അങ്ങനെയാണ് ദിലീപിനെ മാറ്റുന്നത്. പക്ഷേ മാറ്റിക്കഴിഞ്ഞപ്പോഴാണ് മനസ്സിലായത് നിയമത്തില്‍ അങ്ങനെ ഇല്ല.
അങ്ങനെ അടുത്ത ജനറല്‍ ബോഡിയില്‍ ഇക്കാര്യം അവതരിപ്പിച്ചു. അവിടെ പല ചോദ്യങ്ങള്‍ ഉയര്‍ന്നു. അദ്ദേഹം കുറ്റക്കാരനല്ലല്ലോ എന്ന് പലരും പറഞ്ഞു. എല്ലാവരും ദിലീപിന് പിന്തുണ നല്‍കി. ആരും എതിര്‍ത്തില്ല. അങ്ങനെയാണ് ദിലീപിനെ തിരഞ്ഞെടുത്തത്. നിയമപരമായി ദിലീപിനെ പുറത്താക്കിയില്ലായിരുന്നു, അദ്ദേഹത്തിന് കത്തയച്ചില്ല, പെട്ടന്നുണ്ടായ തീരുമാനത്തില്‍ വാക്കാല്‍ പുറത്താക്കുകയായിരുന്നു. ദിലീപ് അമ്മയിലേക്ക് തിരിച്ച് വരുന്നില്ലെന്ന് പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹം സാങ്കേതികപരമായും നിയമപരമായും അമ്മയ്ക്ക് പുറത്താണ്.'–മോഹന്‍ലാല്‍ പറഞ്ഞു.
'അമ്മ ഷോയിലെ സ്‌കിറ്റ് അതിലുളള സ്ത്രീകള്‍ തന്നെ കഥ എഴുതി ചെയ്തതാണ്. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുന്ന കൊണ്ടാണ് പലരും അതിനെ വിമര്‍ശിക്കുന്നത്.'–മോഹന്‍ലാല്‍ പറഞ്ഞു.
'സംഘടനകളില്‍ ആര്‍ക്കും മത്സരിക്കാമായിരുന്നു. ആരും പക്ഷേ മുന്നോട്ട് വന്നില്ല. ഡബ്യുസിസിയിെല അംഗങ്ങള്‍ അമ്മയിലെയും കുട്ടികളാണ്. അവര്‍ മത്സരിക്കുന്നതിന് ആരും തടസ്സമല്ലായിരുന്നു. പാര്‍വതിയെ മത്സരത്തില്‍ നിന്ന് പിന്‍വലിച്ചെന്ന് പറയുന്നതൊക്കെ ശരിയാണോ എന്ന് എനിക്ക് അറിയില്ല.'–മോഹന്‍ലാല്‍ പറഞ്ഞു.
'നാലു പേരില്‍ രണ്ടുപേര്‍ മാത്രമേ രാജി വച്ചുള്ളൂ, ഭാവനയും രമ്യ നമ്പീശനും മാത്രമാണ് സംഘടനയ്ക്കു രാജിക്കത്ത് നല്‍കിയത്.രാജി വച്ചവര്‍ തിരിച്ചുവന്നാല്‍ അതു അമ്മ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും. അവരെന്തുകൊണ്ട് രാജി വച്ചെന്നു വിശദീകരിക്കേണ്ടവരും. ഞങ്ങളുടേത് 487 പേരുടെ സംഘടനയാണല്ലോ.
'ദിലീപ് അവസരങ്ങള്‍ തടഞ്ഞുവെന്ന ആരോപണം നടി പരാതിയായി ഇതുവരെ കത്തു നല്‍കിയിട്ടില്ല. പുരുഷമേധാവിത്വം എന്നു പറയരുത്. അവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സംഘടനയ്ക്ക് അകത്തു പറയാം. പുറത്തു പറഞ്ഞിട്ട് ഞങ്ങള്‍ക്ക് സംഘടനയ്ക്ക് അകത്തു പറയാനാകില്ലെന്നു പറഞ്ഞിട്ട് എന്തു കാര്യം?.
നിഷ സാരംഗിന്റെ വിഷയത്തില്‍ അമ്മ അവര്‍ക്കൊപ്പം തന്നെയാണ്. വിഷയം അറിഞ്ഞപ്പോള്‍ ബന്ധപ്പെട്ട ആളുകളുമായി സംസാരിച്ചിരുന്നു.'– മോഹന്‍ലാല്‍ വ്യക്തമാക്കി. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനെടുത്ത തീരുമാനവും അതേ ചൊല്ലിയുണ്ടായ ഭിന്നതകളും വിവാദങ്ങള്‍ക്കും ഇടയിലായിരുന്നു മോഹന്‍ലാലിന്റെ വാര്‍ത്താ സമ്മേളനം.
ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനായി അമ്മ സംഘടന കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് നടിമാരായ രേവതി, പദ്മപ്രിയ, പാര്‍വതി, റിമ എന്നിവര്‍ അമ്മയ്ക്ക് കത്തയച്ചിരുന്നു.
https://www.facebook.com/Malayalivartha
























