രാകേഷ് ഉണ്ണിയെ തേടി സാക്ഷാല്‍ ശങ്കര്‍ മഹാദേവന്‍ തന്നെ എത്തി; കാണാന്‍ മാത്രമല്ല പൊതു വേദിയില്‍ ഒപ്പം പാടാനും അവസരം നല്‍കി; ഒപ്പം നിരവധി ഓഫറുകളും

തന്റെ മരം വെട്ടു ജോലിക്കിടയില്‍ കൂട്ടുകാരുടെ മനസ്സിനെ സംതൃപ്തിപ്പെടുത്താന്‍ വെറുതെ ഒന്നു പാടിയതാണ് രാകേഷ് ഉണ്ണി. കമല്‍ ഹാസന്റെ വിശ്വരൂപത്തിലെ ശങ്കര്‍ മഹാദേവന്‍ പാടിയ പാട്ടായിരുന്നു രാകേഷ് പാടിയത്. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ രാകേഷും രാകേഷിന്റെ പാട്ടും അങ്ങ് ഹിറ്റായി അത് സാക്ഷാല്‍ ശങ്കര്‍ മഹാദേവനെ തന്നെ സംതൃപ്തിപ്പെടുത്തി.
പാട്ട് കേട്ടയുടന്‍ കമല്‍ ഹാസന്‍ രാകേഷിനെ നേരിട്ട് വന്നുകണ്ട് അഭിനന്ദിച്ചിരുന്നു. ശങ്കര്‍ മഹാദേവന്‍ ഫോണ്‍ വിളിച്ച് അഭിനന്ദിച്ചതിനോടൊപ്പം രാകേഷിനൊപ്പം പാടണമെന്നു വാഗ്ദാനവും നല്‍കിയിരുന്നു. പിന്നീട് ആ സ്വപ്‌നവും പൂവണിഞ്ഞു. ഒടുവില്‍ ശങ്കര്‍ മഹാദേവന്‍ എന്ന പ്രതിഭയ്‌ക്കൊപ്പം രാകേഷിന് പാടാന്‍ അവസരം ലഭിച്ചു.
സംഭവത്തെക്കുറിച്ച് രാകേഷ് പറയുന്നതിങ്ങനെ. 'എന്നെ വിളിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെ പെട്ടെന്നാണ് കോള്‍ വന്നത്. മൂന്ന് പാട്ട് പാടി. അതിലൊരെണ്ണം അദ്ദേഹത്തോടൊപ്പമാണ് പാടിയത്.'
ഇന്നലെ കൊച്ചിയിലെ ഹയാത് ഹോട്ടലില്‍ വച്ച് നടന്ന സംഗീത പരിപാടിയിലാണ് ശങ്കര്‍ മഹാദേവന്‍ ഒപ്പം പാടാന്‍ രാകേഷിനെ വിളിച്ചത്. ഇതോടെ ഗോപി സുന്ദര്‍ ഉള്‍പ്പെടെ നിരവധി സംഗീത സംവിധായകര്‍ക്കൊപ്പം പാടാനും രാകേഷിന് ക്ഷണം ലഭിച്ചു.
https://www.facebook.com/Malayalivartha
























