മഴ എന്ന് തോരുമെന്ന് പ്രവചിക്കാനാകുന്നില്ല; മൂന്നു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് റിപ്പോര്‍ട്ട്: അടുത്ത 48 മണിക്കൂറില്‍ അതിശക്തമായ കാറ്റിനും സാധ്യത; പ്രധാനമന്ത്രി കേരളത്തിലേക്ക്; ശനിയാഴ്ച ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കും

മഴ എന്ന് തീരും ദുരിതം എന്ന് തീരുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയുന്നില്ല. കാലാവസ്ഥാ വിദഗ്ധര്‍ ദിവസം തോറും മാറ്റിമാറ്റി പറയുന്നു. ഏറ്റവും അവസാനമായി മൂന്നു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീരദേശ മേഖലയില്‍ അടുത്ത 48 മണിക്കൂറില്‍ കനത്ത കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ ആര്‍ത്തലച്ചു പെയ്തതിനു ശേഷം നിലവില്‍ ന്യൂനമര്‍ദ്ദം ചത്തീസ്ഗഡ് മേഖലയിലേക്കു നീങ്ങിയിട്ടുണ്ട്. അതിനാല്‍ കേരളത്തിലെ മഴയുടെ ശക്തി വരും ദിവസങ്ങളില്‍ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന കനത്ത മഴയ്ക്കു കാരണം.
അതേസമയം കേരളത്തെ ഒന്നാകെ വിഴുങ്ങി കനത്ത മഴ പ്രളയം തീര്‍ക്കുന്ന സാഹചര്യത്തില്‍ ദുരിതബാധിത പ്രദേശങ്ങള്‍ നേരിട്ട് നിരീക്ഷിക്കാന്‍ പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും. വെള്ളിയാഴ്ച വൈകിട്ടോടെ എത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ കേന്ദ്രസഹായം പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുള്ളതായിട്ടാണ് വിവരം.
തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ കേരളത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്. കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുമ്പോള്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. പ്രളയക്കെടുതികളില്‍ പെട്ട് ഇതുവരെ 103 പേര്‍ മരിച്ചതായിട്ടാണ് കണക്കുകള്‍. സംസ്ഥാനത്തെ 1155 ക്യംപുകളില്‍ 1,66,538 പേരാണ് കഴിയുന്നത്. നാട്ടുകാരുടേയും പോലീസിന്റെയും സഹായത്താല്‍ ഒറ്റപ്പെട്ടവരെ കണ്ടെത്താനുള്ള പ്രയത്‌നത്തിലാണ് സൈന്യവും ദേശീയദുരന്ത നിവാരണസേനയും അഗ്‌നിശമനസേനാംഗങ്ങളും.
കൂടുതല്‍ ഹെലികോപ്റ്ററുകളും ദുരന്ത പ്രദേശത്തേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ദ്വീപുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണവും വെള്ളവും എത്തിക്കും. പൂര്‍ണ്ണമായും വെള്ളക്കെട്ടിലായിരിക്കുന്ന കുട്ടനാട്ടില്‍ രാവിലെ തുടങ്ങുന്ന രക്ഷാപ്രവര്‍ത്തനത്തിന് ധനമന്ത്രി തോമസ് ഐസക്കാണ് നേതൃത്വം നല്‍കുക. കൈനകരിയില്‍ ഹൗസ്‌ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനിറക്കും. ആറ് ബോട്ടുകള്‍ കൈനകരി, രാമങ്കരി ഭാഗത്തേക്കും 20 ബോട്ടുകള്‍ ചെങ്ങന്നൂരിലേക്കും പോകും.
വെളളം കയറിയതിനെ തുടര്‍ന്ന് ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായി. മിക്ക ട്രെയിനുകളും എറണാകുളം വരെയേ സര്‍വ്വീസ് നടത്തുന്നുള്ളൂ. റോഡുകളിലും രൂക്ഷമായ വെള്ളക്കെട്ടുകളാണ്. ടാങ്കറുകള്‍ എത്താത്തതിനെ തുടര്‍ന്ന് പലയിടത്തും പെട്രോള്‍ പമ്പുകളും അടച്ചിട്ടിരിക്കുകയാണ്. സ്‌റ്റോക്ക് തീരുന്നതോടെ ബാക്കി പമ്പുകളും അടയ്ക്കും. പെട്രോള്‍ തീര്‍ന്ന് പമ്പുകള്‍ അടച്ചിടുന്നതായി വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് ഇന്നലെ പമ്പുകളില്‍ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മിക്കയിടത്തും ഡീസല്‍ തീര്‍ന്നു കഴിഞ്ഞു.
https://www.facebook.com/Malayalivartha



























