മന്ത്രിസഭയില്‍ ആദ്യവെടി പൊട്ടി; ചരിത്രത്തിലെ അപൂര്‍വ സംഭവ വികാസം

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയപ്പോള്‍ ഇവിടെ മന്ത്രിമാര്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരസ്യമായി. കുട്ടനാട്ടിലെ വെള്ളം വറ്റാക്കാത്തതിനെ ചൊല്ലി മന്ത്രിമാരായ തോമസ് ഐസകും ജി. സുധാകരനും പരസ്യമായി വേദിയില്‍ പോരടിച്ചപ്പോള്‍ തലസ്ഥാനത്ത് മറ്റ് പ്രമുഖമന്ത്രിമാര്‍ യുവജനോത്സവത്തിന്റെ പേരില്‍ അരങ്ങ് തകര്‍ത്തു.
തങ്ങളോട് ആലോചിക്കാതെ യുവജനോത്സവവും മറ്റും വേണ്ടെന്ന് വച്ചതിലാണ് മന്ത്രിമാരായ എ കെ ബാലന്‍, പ്രൊഫ. രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്ക് എതിര്‍പ്പുള്ളത്. എന്നാല്‍ മുഖ്യമന്ത്രിയോടുള്ള എതിര്‍പ്പ് പരസ്യമാക്കാന്‍ ഇവര്‍ തയ്യാറല്ല. പകരം ഡമ്മികളെ മുന്നില്‍ നിര്‍ത്തി എതിര്‍ക്കും.
യുവജനോത്സവും ചലച്ചിത്ര മേളയും ഉള്‍പ്പെടെയുള്ള പരിപാടികള്‍ ബന്ധപ്പെട്ട മന്ത്രിമാരുമായി കൂടിയാലോചിക്കാതെ റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ ഫയല്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭയുടെ അധ്യക്ഷ ചുമതല വഹിക്കുന്ന മന്ത്രി ഇ.പി ജയരാജനാണ് വിവാദ ഉത്തരവിറക്കിയതെന്ന ചിന്തയിലായിരുന്നു മന്ത്രിമാര്‍. ജയരാജനെതിരെ മുഖ്യമന്ത്രിയെ സമീപിക്കാനും മന്ത്രിമാര്‍ ആലോചിച്ചിരുന്നു. സംസ്ഥാനത്തെ അപൂര്‍വ സംഭവ വികാസങ്ങള്‍ അറിഞ്ഞ മുഖ്യമന്ത്രി തീരെ അസ്വസ്ഥനാണ്.
അതേ സമയം താന്‍ ഇങ്ങനെയൊരു ഉത്തരവ് കണ്ടിട്ടില്ലെന്ന് ജയരാജന്‍ പ്രതികരിച്ചു. ആദ്യമായാണ് മുഖ്യമന്ത്രി ഒപ്പിട്ട ഫയലിനെതിരെ മന്ത്രിമാര്‍ പ്രതിഷേധിക്കുന്നത്. തനിക്ക് മുഖ്യമന്ത്രിയുടെ ചുമതല നല്‍കാത്തതില്‍ മന്ത്രി ബാലന് അമര്‍ഷമുണ്ട്.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കലോത്സവവും ചലച്ചിത്ര മേളയും റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ മന്ത്രി ബാലന്‍ പരസ്യമായി പ്രതിഷേധിച്ചു. ഇത് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധമാണ്. തന്റെ വകുപ്പിലുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ പൊതുഭരണ വകുപ്പിനെന്താണ് കാര്യമെന്ന് ബാലന്‍ ചോദിക്കുന്നു. ചലച്ചിത്രമേള റദ്ദാക്കിയതിനെതിരെ പൊതുഭരണ വകുപ്പിന്റെ സെക്രട്ടറിയുടെ മേലുദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിക്ക് മന്ത്രി ബാലന്‍ കത്ത് നല്‍കി. മന്ത്രി ബാലന്‍ കത്ത് നല്‍കിയത് ചീഫ് സെക്രട്ടറിക്കാണെന്നും അത് ചെന്നുകൊള്ളുന്നത് മുഖ്യമന്ത്രിക്കാണ്. മന്ത്രി കടകംപള്ളിയാകട്ടെ ഒരു പടി കൂടി ടൂറിസം വകുപ്പിന്റെ എല്ലാ പരിപാടികളും താന്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥിന് സ്‌കൂള്‍ കലോത്സവം മാറ്റിവച്ചതില്‍ അതൃപ്തിയുണ്ടെങ്കിലും അദ്ദേഹം പരസ്യമായി പ്രതികരിച്ചിട്ടില്ല. തന്നില്‍ നിന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് എടുത്ത് മാറ്റിയ ശേഷം രവീന്ദ്രനാഥ് ഒന്നിലും ഇടപെടാറില്ല. സി പി എം സെറ്റപ്പില്‍ ഒന്നും സംസാരിക്കാതിരിക്കുന്നതാണ് ശരി എന്ന് കരുതുന്നതുകൊണ്ടാണ് അദ്ദേഹം മിണ്ടാതിരിക്കുന്നത്. കലോത്സവം റദ്ദാക്കിയെന്ന വാര്‍ത്ത ചാനലുകളില്‍ വന്നപ്പോഴാണ് മന്ത്രി അറിഞ്ഞത്. അതേ സമയം മന്ത്രി ജലീല്‍ തീരുമാനത്തില്‍ ഒരു തെറ്റുമില്ലെന്ന് വ്യക്തമാക്കി.
മന്ത്രിസഭാ യോഗത്തിന് മാത്രമാണ് ഇത്തരത്തിലുള്ള നയപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം എന്നിരിക്കെ അത് എങ്ങനെ പൊതുഭരണ വകുപ്പ് തീരുമാനിച്ചു എന്നാണ് മന്ത്രിമാര്‍ക്ക് അറിയേണ്ടത്. അതിനുള്ള അധികാരം പൊതുഭരണ സെക്രട്ടറിക്ക് ആരു നല്‍കി എന്നാണ് മന്ത്രിമാര്‍ ചോദിക്കുന്നത്. വിനോദ സഞ്ചാര വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കടകംപള്ളിയും ഇക്കാര്യം അറിഞ്ഞിട്ടില്ല.
മുഖ്യമന്ത്രിയുടെ ഉത്തരവ് പൊതുഭരണ സെക്രട്ടറി വളച്ചൊടിച്ചെന്നാണ് ആക്ഷേപം. ഉത്തരവ് സി.എമ്മിന്റേതാണെന്ന കാര്യം ചീഫ് സെക്രട്ടറി മന്ത്രിമാരെ അറിയിച്ചെങ്കിലും അവര്‍ കണക്കിലെടുക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇ ഫയലിലൂടെ അന്തിമ തീരുമാനമെടുത്തു എന്നാണ് വാര്‍ത്ത.
പൊതു ഭരണ സെക്രട്ടറിക്ക് ഇത്തരമൊരു തീരുമാനം ഒറ്റയ്ക്ക് എടുക്കാനാവില്ല. അദ്ദേഹത്തിന് അത്തരമൊരു നിര്‍ദ്ദേശം സമര്‍പ്പിക്കാനുണ്ടെങ്കില്‍ സര്‍ക്കാരിന് നല്‍കാം. തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. സാധാരണ ഓരോ വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരുമ്പോള്‍ അതാത് മന്ത്രിമാരുമായി കൂടിയാലോചിക്കും. മിനിമം ഫയല്‍ അയച്ച് അനുവാദം വാങ്ങുകയെങ്കിലും ചെയ്യും. അത്തരമൊരു നടപടി ഇക്കാര്യത്തിലുണ്ടായിട്ടില്ല.
അതേ സമയം യുവജനോത്സവവും ചലച്ചിത്ര മേളയും സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. യുവജനോത്സവം ഒരു വിനോദ പരിപാടിയല്ല. അന്തര്‍ദേശീയ ചലച്ചിത്ര മേളയും അങ്ങനെ തന്നെ.
https://www.facebook.com/Malayalivartha
























