അന്താരാഷ്ട്ര ചലച്ചിത്രോത്സവവും സ്‌കൂള്‍ കലോത്സവവും നാടകോത്സവവും പൊലിമ കുറച്ച് നടത്താന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം; നടത്തിപ്പിനായി സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കാതെ മറ്റ് ധനാഗമ മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നും നിര്‍ദേശം

അന്താരാഷ്ട്ര ചലച്ചിത്രോത്സവവും സ്‌കൂള്‍ കലോത്സവവും സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവവും സംഘടിപ്പിക്കാന്‍ സമ്മര്‍ദം. ചികിത്സ കഴിഞ്ഞ് അമേരിക്കയില്‍ നിന്ന് മുഖ്യമന്ത്രിയെത്തുമ്പോള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി സാധ്യമാക്കുമെന്നാണ് മന്ത്രി എ.കെ. ബാലനോടടുത്ത സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നത്.
ആഘോഷ പൊലിമ കുറച്ച് നടത്താന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മന്ത്രി എ.കെ. ബാലനെ നേരില്‍ കണ്ട് നിര്‍ദേശമുന്നയിച്ചു. നടത്തിപ്പിനായി സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കാതെ മറ്റ് ധനാഗമ മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നാണ് മന്ത്രിക്ക് മുന്നില്‍ വെച്ച നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം പുറത്തുവരാന്‍ വൈകും.
പൊതുഭരണവകുപ്പിന്റെ ആഘോഷങ്ങളൊഴിവാക്കാനുള്ള നിര്‍ദേശത്തില്‍ മന്ത്രിമാര്‍ തന്നെ പരസ്യമായി എതിര്‍പ്പുയര്‍ത്തി രംഗത്ത് വന്നിരുന്നു. പ്രളയത്തില്‍ തളര്‍ന്നവരെ തിരികെയെത്തിക്കുന്നതില്‍ കലാസാംസ്‌കാരിക മേഖലക്ക് വലിയ പങ്കുണ്ടെന്നതിനാല്‍ ഇത്തരം മേളകള്‍ ഒഴിവാക്കരുതെന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകരുടെയും വാദം. ചലച്ചിത്രോത്സവത്തിനുള്ള നടപടികള്‍ എല്ലാം പൂര്‍ത്തിയായിരിക്കെ കൂടിയാലോചനയോ അഭിപ്രായം തേടലോ ഇല്ലാതെ ഉത്തരവിറക്കിയതിലും എതിര്‍പ്പുണ്ട്.
ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കമല്‍ അടക്കമുള്ളവര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി ബാലനെ കമല്‍ നേരില്‍ കാണുകയും ചെയ്തു. സ്‌കൂള്‍ കലോത്സവത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് നിര്‍ദേശം.
കുട്ടികള്‍ കലോത്സവങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും മേളയൊഴിവാക്കുന്നത് ശരിയല്ലെന്നുമാണ് വിലയിരുത്തുന്നത്. മാത്രവുമല്ല, മത്സരാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതാണ് സ്‌കൂള്‍ കലോത്സവം. വലിയ ആഘോഷങ്ങളൊഴിവാക്കി മത്സര ഇനങ്ങളായി മേള സംഘടിപ്പിക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പും പറയുന്നത്.
https://www.facebook.com/Malayalivartha























