ചിത്തിരആട്ട വിശേഷത്തോട് അനുബന്ധിച്ച് ശബരിമല നടതുറക്കുമ്പോള്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ എത്തുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

ചിത്തിരആട്ട വിശേഷത്തോട് അനുബന്ധിച്ച് ശബരിമല നടതുറക്കുമ്പോള്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ എത്തുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വനിതാമാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും കാട്ടി ഒരു സ്വകാര്യചാനല്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
ശബരിമലയില്‍ പൊലീസിനെ വിന്യസിച്ചത് സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ്. കേരള, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് അതിതീവ്രസ്വഭാവമുള്ള സംഘടനകള്‍ എത്തുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. മാധ്യമങ്ങള്‍ക്കും വിശ്വാസികള്‍ക്കും നിയന്ത്രണമുണ്ടായിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ചാനല്‍ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ശബരിമലയിലെ ദൈംനംദിന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അതിന് പിന്നാലെയാണ് സര്‍ക്കാരിന് മറ്റൊരു തലവേദനയുമായി സ്വകാര്യചാനല്‍ ഹര്‍ജി നല്‍കിയത്. ചിത്തിരആട്ടവിശേഷത്തിന് മാധ്യമസ്ഥാപനങ്ങള്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിടരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതി കത്ത് നല്‍കിയിരുന്നു. തുലാമാസ പൂജകള്‍ക്ക് നടതുറന്നപ്പോള്‍ റിപ്പോര്‍ട്ടിംഗിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം ഭക്തരുടെ വേഷമണിഞ്ഞെത്തിയ ആക്രമികള്‍ മര്‍ദ്ദിച്ചിരുന്നു.
https://www.facebook.com/Malayalivartha

























