സാധാരണ അമ്പലങ്ങളില്‍ പോകാത്ത താന്‍ അചാരങ്ങള്‍ പാലിച്ചാണ് ശബരിമലയില്‍ പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, ആചാരങ്ങള്‍ സംരക്ഷിക്കാനെന്ന പോരില്‍ സന്നിധാനത്തെത്തിയ സംഘപരിവാര്‍ നേതാക്കള്‍ ആചാരങ്ങള്‍ ലംഘിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി

സാധാരണ അമ്പലങ്ങളില്‍ പോകാത്ത താന്‍ അചാരങ്ങള്‍ പാലിച്ചാണ് ശബരിമലയില്‍ പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത് ശബരിമലയില്‍ പോയപ്പോള്‍ ആചാരമനുസരിച്ച് പതിനെട്ടാം പടി കയറണമെങ്കില്‍ ഇരുമുടിക്കെട്ട് ഉണ്ടാവണം. അതുകൊണ്ട് ആ വഴിയല്ല സന്നിധാനത്തിലേക്ക് പോയത്. അതാണ് ആചാരത്തെ ബഹുമാനിക്കേണ്ടവര്‍ ചെയ്യേണ്ട കാര്യം. ആചാരങ്ങള്‍ സംരക്ഷിക്കാനെന്ന പോരില്‍ സന്നിധാനത്തെത്തിയ സംഘപരിവാര്‍ നേതാക്കള്‍ ആചാരങ്ങള്‍ ലംഘിക്കുകയായിരുന്നു. വിശ്വാസ സംരക്ഷണമല്ല അവരുടെ ലക്ഷ്യമെന്നും പിണറായി കോഴിക്കോട് പറഞ്ഞു.
സംഘപരിവാര്‍ നേതാക്കള്‍ ആചാരങ്ങള്‍ പാലിക്കാതെ പതിനെട്ടാംപടി കയറി പറയുന്ന കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. എവിടെ പോയി നിങ്ങളുടെ ആചാരങ്ങളെന്നും പിണറായി ചോദിച്ചു. സന്നിധാനത്ത് ഇന്നലെ പൊലീസിനെ നോക്കുകുത്തിയാക്കി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. അന്‍പത് വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പോലും ദര്‍ശനം നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായി. കുഞ്ഞിന്റെ ചോറൂണ്‍ ചടങ്ങിനെത്തിയ യുവാവിനെ പോലും മര്‍ദ്ദിക്കുകയുണ്ടായി. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. പതിനെട്ടാംപടിക്ക് മുകളില്‍ ഇരുമുടിക്കെട്ടില്ലാതെ ഭഗവാന് നേരെ തിരിഞ്ഞ് നിന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha

























