കോണ്‍ഗ്രസിലും പി.കെ ശശി മോഡല്‍ പീഡനം; തൃശൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് യദുകൃഷ്ണനു നേരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതി

കോണ്‍ഗ്രസിലും പി.കെ ശശി മോഡല്‍ പീഡനം. തൃശൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ യദുകൃഷ്ണന്‍ സി.പി.എം നേതാവ് പി.കെ ശശിയേയും കടത്തിവെട്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് പരാതി നല്‍കി. തൃശൂര്‍ വലപ്പാട് സ്വദേശിയായ പെണ്‍കുട്ടി യദുകൃഷ്ണനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നല്‍കിയെങ്കിലും ആരോപണവിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് കെ.പി.സി.സി സ്വീകരിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. ഒരു ഘട്ടത്തില്‍ തനിക്ക് ഭീഷണി ഉണ്ടായെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് വലപ്പാട് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് പോസ്‌ക്കോ നിയമപ്രകാരം കേസ് എടുത്തതോടെ യദു ഒളിവില്‍ പോയി.
പി.കെ ശശിക്കെതിരെ സി.പി.എം നടപടിയെടുക്കാത്തതിലും പൊലീസ് കേസ് എടുക്കാത്തതിലും പ്രതിഷേധിച്ച് ഉറഞ്ഞ് തുള്ളിയ കോണ്‍ഗ്രസ് നേതാക്കളാണ് പോസ്‌ക്കോ കേസിലെ പ്രതിയായ നേതാവിന് സംരക്ഷണകവചം ഒരുക്കുന്നത്. ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടും പാര്‍ട്ടി നടപടി സ്വീകരിച്ചില്ലെന്ന് പെണ്‍കുട്ടി രാഹുല്‍ ഗാന്ധിയ്ക്ക് അയച്ച പരാതിയില്‍ പറയുന്നു. അവസാന അഭയമായാണ് രാഹുല്‍ ഗാന്ധിയെ സമീപിക്കുന്നതെന്നും കെ.എസ്.യു പ്രവര്‍ത്തകയായ പെണ്‍കുട്ടി കത്തില്‍ പറയുന്നു. രാഹുല്‍ ഗാന്ധി ഇടപെട്ട് നീതി ലഭ്യമാക്കുമെന്നും പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നും പെണ്‍കുട്ടി വ്യക്തമാക്കി. പീഡിപ്പിക്കുകയും പിന്നീട് അപമാനിക്കുകയും ചെയ്യുന്നുവെന്ന് കാണിച്ച് കഴിഞ്ഞ മാസമാണ് പെണ്‍കുട്ടി മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നല്‍കിയത്.
കെ.പി.സി.സിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു. കമ്മീഷന്‍ മൊഴിയെടുത്തിരുന്നു. എന്നാല്‍ തനിക്ക് നീതിലഭ്യമാക്കുന്ന യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി ആരോപിച്ചു. കോടതിയില്‍ രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്. യുവാവിനെ അറസ്റ്റ് ചെയ്യണം. നീതി ലഭിക്കണം. എന്നാണ് പെണ്‍കുട്ടി പറയുന്നത്. എന്നാല്‍ പെണ്‍കുട്ടി നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് കെ.പി.സി.സി നേതൃത്വം പ്രതികരിച്ചത്.
അപകടത്തില്‍ കാലിന് പരുക്കേറ്റ് വീട്ടില്‍ വിശ്രമിക്കുമ്പോഴാണ് യദുകൃഷണ മോശമായി പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു. ജൂലൈ അഞ്ചിനായിരുന്നു സംഭവം. താന്‍ ശക്തമായ പ്രതികരിച്ചതോടെ പിന്നീട് റോഡില്‍ വച്ച് അപമാനിച്ചു. വാട്‌സ് ആപ്പിലൂടെയും ഫോണിലൂടെയും നിരന്തരം ഭീഷണിപ്പെടുത്തി. എഫ് ഐ ആറിന്റെ പകര്‍പ്പുകള്‍ സഹിതം ഇന്നലെയാണ് പെണ്‍കുട്ടി രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയത്. പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെയുള്ള പീഡനപരാതികളില്‍ അത്യാവേശം കാണിക്കുന്ന അനില്‍അക്കര എം.എല്‍.എയെ പോലുള്ളവര്‍ തൃശൂരിലുണ്ടായിട്ടും കെ.എസ്.യുക്കാരിക്ക് വേണ്ടി സംസാരിക്കാന്‍ ഒരു നേതാവും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha

























