കെ. സുരേന്ദ്രന് ജാമ്യം ലഭിച്ചത് ഇന്ധന വിലവര്‍ധനവിനെതിരെ തീവണ്ടി തടഞ്ഞ കേസില്‍; സുരേന്ദ്രനെതിരെ എടുത്ത എല്ലാ കേസും കുത്തിപ്പൊക്കുന്നു

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ അറസ്റ്റിലായ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യം പരുങ്ങലിൽ. കെ സുരേന്ദ്രന് രണ്ട് കേസുകളില്‍ കോഴിക്കോട് കോടതി ജാമ്യം അനുവദിച്ചെങ്കിലും പത്തനംതിട്ട കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ ആണ് ഇപ്പോള്‍ ജാമ്യം കിട്ടിയിട്ടുള്ളത്. 2013ല്‍ ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് തീവണ്ടി തടഞ്ഞ കേസിലും കോഴിക്കോട് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിനെ തുടര്‍ന്ന് എടുത്ത കേസിലുമാണ് കെ.സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
2013ല്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ബി.ജെ.പി നടത്തിയ ട്രെയിന്‍ തടയല്‍ സമരം ഉദ്ഘാടനം ചെയ്തത് കെ. സുരേന്ദ്രനായിരുന്നു. ട്രെയിന്‍ തടഞ്ഞതിന് 359/2013 ആയി രജിസ്റ്റര്‍ ചെയ്ത കേസ് 598/18 ആയി വാറന്റായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചിരിക്കുന്നത്.
2016ല്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടതാണ് മറ്റൊരു കേസ്. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതിന് 767/16 ആയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത് ക്രൈം നമ്പര്‍ 123/16 ആയി വാറന്റായിരുന്നു. കോഴിക്കോട് ടൗണ്‍ പൊലീസാണ് രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇരു കേസുകളിലും സുരേന്ദ്രനാണ് ഒന്നാം പ്രതി.
അതേസമയം, ശബരിമല സന്നിധാനത്ത് 52 കാരിയായ സ്ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കെ. സുരേന്ദ്രന് കോടതി ജാമ്യം നിഷേധിച്ചു. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസില്‍ വാറണ്ടില്ലാതെയാണ് സുരേന്ദ്രനെ കസ്റ്റഡിയില്‍ വെച്ചതെന്ന അഭിഭാഷകന്‍ രാം കുമാറിന്റെ വാദം കോടതി തള്ളി.
വിഷയത്തില്‍ അധിക വാദത്തിന് പൊലീസ് കോടതിയില്‍ അനുമതി തേടിയിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജയിലില്‍ നിന്ന് 21 ാം തിയതി തന്നെ വാറണ്ട് നല്‍കിയിരുന്നെന്ന് പൊലീസ് ബോധിപ്പിച്ചു. സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്‍ മുന്‍പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. മകന്റെ കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് കെ. സുരേന്ദ്രനെതിരെ ഉള്ളത്.
https://www.facebook.com/Malayalivartha


























