ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുംവിധം പ്രസംഗിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുംവിധം പ്രസംഗിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സി.പി.എം നേതാവ് വി.ശിവന്‍കുട്ടി നല്‍കിയ പരാതിയിലാണ് നടപടി. വേനലവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസ് എടുത്തതായി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. 'ആളുകളെ ജാതിയും മതവും നോക്കി പരിശോധിക്കേണ്ടി വരുമ്പോള്‍ മുസ്്‌ലിം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണം' എന്നായിരുന്നു ശ്രീധരന്‍പിള്ള നടത്തിയ വിവാദ പരാമര്‍ശം. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയിലായിരുന്നു പരാമര്‍ശം.
മുസ്്‌ലിം മതവിശ്വാസികളെ അധിക്ഷേപിക്കുന്നതാണ് ശ്രീധരന്‍ പിള്ളയുടെ പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയാണ്് വി ശിവന്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ശിവന്‍കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. അതേസമയം വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കാര്യാലയം നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പരാമര്‍ശം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമെന്നും നടപടി വേണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. ശ്രീധരന്‍പിള്ള മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണവുമായി യു.ഡി.എഫും എല്‍.ഡി.എഫും രംഗത്തെത്തിയിരുന്നു. എല്‍.ഡി.എഫ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കുകയും ചെയ്തു.
പ്രസംഗം വിവാദമായതോടെ, വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് വര്‍ഗീയ വികാരമിളക്കി വിടാനാണ് യു.ഡി.എഫും എല്‍.ഡി.എഫും ശ്രമിക്കുന്നതെന്ന വിശദീകരണവുമായി ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ആക്രമണത്തിലൂടെ ഭീകരരെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയപ്പോഴും രാഹുല്‍ ഗാന്ധിയും യച്ചൂരിയും പിണറായി വിജയനും മരിച്ചവരുടെ ജാതിയും മതവും വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഇസ്‌ലാം ആകണമെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. വസ്ത്രമൊക്കെ മാറ്റി നോക്കിയാലേ അറിയാന്‍പറ്റൂ.' എന്നുമാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.
ഈ പരാമര്‍ശത്തിനെതിരെയാണ് സി.പി.എമ്മും കോണ്‍ഗ്രസും മുസ്‌ലിംലീഗും രംഗത്തെത്തിയത്. മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നഷ്ടപ്പെടുമോയെന്ന ഭീതിയില്‍ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് വര്‍ഗീയവികാരമിളക്കി വിടാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നതെന്ന് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. ബാലാക്കോട്ടില്‍ കൊല്ലപ്പെട്ട പാക്ക് ഭീകരരെ സംബന്ധിച്ച വിവരങ്ങളും വിശദാംശങ്ങളും വെളിപ്പെടുത്തണമെന്ന സാം പിത്രോദ നടത്തിയ വിലകുറഞ്ഞ പ്രസ്താവനയെ പരാമര്‍ശിച്ച് ഉന്നയിച്ച ചോദ്യം ദുര്‍വ്യാഖ്യാനം ചെയ്ത് നേട്ടം കൊയ്യാമെന്നാണ് സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ വ്യാമോഹിക്കുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രസംഗത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു പരാമര്‍ശവും ഇല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കോടതിയില്‍ അത് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചിരുന്നു.
https://www.facebook.com/Malayalivartha


























