മായാക്കാഴ്ചകളുമായി കുട്ടിച്ചലച്ചിത്രമേളയ്ക്ക് നാളെ പര്യവസാനം; സമാപന ചടങ്ങ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും; അടുത്തവേനലവധിക്ക് വീണ്ടും കാണാം

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാന നഗരത്തില്‍ കുട്ടികള്‍ക്ക് മായാക്കാഴ്ച ഒരുക്കിയ അന്താരാഷ്ട്ര ബാലചലച്ചിത്രമേളയ്ക്ക് ഇന്ന് ശുഭപര്യാവസാനം. അടുത്ത വര്‍ഷം വേനലവധിക്ക് വീണ്ടും കാണാമെന്ന് പറഞ്ഞ് കൂട്ടിക്കൂട്ടുകാര്‍ പിരിഞ്ഞു. നാളെ (വ്യാഴം) രാവിലെ 12ന് കൈരളി തിയേറ്ററില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും.
കുട്ടികള്‍ സംവിധാനം ചെയ്ത നാല് സിനിമകളില്‍ നിന്ന് മികച്ച ചിത്രമായി തെരഞ്ഞെടുത്ത സിനിമയ്ക്കും മികച്ച നടനും നടിക്കുമുള്ള പുരസ്‌ക്കാരം അദ്ദേഹം നല്‍കും. മേള റിപ്പോര്‍ട്ട് ചെയ്ത മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡും നല്‍കും. മേളയുടെ ഭാഗമായി കുട്ടികള്‍ തന്നെ കഥയെഴുതി സംവിധാനം ചെയ്ത മൂന്ന് സിനിമകളുടെ സ്‌ക്രീനിംഗ് ഉച്ചയ്ക്ക് രണ്ട് മണിക്ക് കൈരളി തിയേറ്ററില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള്ള ആദിവാസി മേഘലകളിലെയും അനാഥാലയങ്ങളിലെയും കുരുന്നുകളും ഡെലിഗേറ്റ്‌സുകളായി രജിസ്റ്റര്‍ ചെയ്ത നാലായിരത്തോളം കുട്ടികളുമാണ് ചലച്ചിത്രമേളയെ ജനകീയമേളയാക്കി മാറ്റിയത്. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തു എന്നതാണ് മറ്റൊരു ആകര്‍ഷണം.
ബിഗ് സ്‌ക്രീനില്‍ ആദ്യമായി സിനിമകണ്ട കുട്ടികള്‍ ഇത്തവണയും പങ്കെടുത്തു. ഉത്തരകേരളത്തില്‍ നിന്ന് എത്തിയ കുട്ടികള്‍ക്ക് സിനിമാ ആസ്വാദനത്തിനൊപ്പം തിരുവനന്തപുരം നഗരത്തിലെ മ്യൂസിയം, മൃഗശാല തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ കഴിഞ്ഞു. ഇവര്‍ക്ക് ശിശുക്ഷേമസമിതിയാണ് യാത്രയും താമസവും ഭക്ഷണവും ഒരുക്കിയത്.
https://www.facebook.com/Malayalivartha


























