കുഞ്ഞിനെ തോട്ടിലുപേക്ഷിച്ച അമ്മയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും

2012 ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനത്തില്‍ അട്ടപ്പാടിയില്‍ പിറന്ന നവജാതശിശുവിനെ കാട്ടിലെ തോട്ടില്‍ ഉപേക്ഷിച്ച കേസില്‍ അമ്മയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും വിധിച്ചു.
അഗളി കൊട്ടമേട് സ്വദേശി മരതകം പ്രസവിച്ചയുടനെ ആ പെണ്‍കുഞ്ഞിനെ ഊരിനടുത്തുള്ള കാട്ടില്‍ പന്ത്രണ്ട് അടി താഴ്ച്ചയുളള കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. വന്യമൃഗഭീഷണിയുള്ള കാട്ടില്‍ കുഞ്ഞ് കരഞ്ഞ് തളര്‍ന്ന് അതിജീവിച്ചത് രണ്ടു രാപകലുകള്‍.
രണ്ടു ദിവസത്തിനു ശേഷം പ്രദേശത്ത് ആടുമേയ്ക്കാനെത്തിയ സ്ത്രീ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നാട്ടുകാരെയും അഗളി പൊലീസിനെയും വിവരം അറിയിച്ചു. ശരീരമാസകലം പുഴുവരിച്ച് ഗുരുതരാവസ്ഥയില്‍ മുള്‍പ്പടര്‍പ്പില്‍ കിടന്ന കുഞ്ഞിനെ പൊലീസ് അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് കോട്ടത്തറ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പൂര്‍ണആരോഗ്യം വന്ന ശേഷം മലമ്പുഴ പ്രൊവിഡന്‍സ് ഹോമിന് കുഞ്ഞിനെ കൈമാറി. സ്വാതന്ത്ര്യദിനത്തില്‍ കണ്ടെത്തിയ കുഞ്ഞിന് പൊലീസ് സ്വതന്ത്ര എന്ന് പേരുമിട്ടു.
അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിഎന്‍എ പരിശോധനയുള്‍പ്പെടെയുള്ള ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയാണ് കുറ്റകൃത്യം തെളിയിച്ചത്.
https://www.facebook.com/Malayalivartha


























