എല്ലാ ഉത്തരവും വെബ്‌സൈറ്റിൽ ഇടുന്ന സുതാര്യ സർക്കാർ ഈ ഉത്തരവ് മാത്രം പൂഴ്ത്തിവെച്ചു; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍

കുന്നത്തുനാട് വില്ലേജിലെ നെല്‍വയല്‍ നികത്തല്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. ഫാരീസ് അബൂബക്കറിന്റെ ബിനാമി കമ്ബനിക്ക് പുഴയ്ക്കു സമീപമുള്ള 14 ഏക്കര്‍ വയല്‍ നികത്താന്‍ സര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്യുന്നത് ഇടതു സര്‍ക്കാരാണെന്നും ഹരീഷ് പറയുന്നു. ചട്ടവിരുദ്ധ നടപടികളില്‍ സര്‍ക്കാരിന് പങ്കില്ലെങ്കില്‍ എന്തുകൊണ്ടാണ് അത്തരം പ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാത്തതെന്നും ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു. ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;
ഒന്നും രണ്ടുമല്ല, 14 ഏക്കർ വയലാണ് കുന്നത്തുനാട് വില്ലേജിൽ സ്പീക്‌സ് പ്രോപ്പർട്ടീസ് ലിമിറ്റഡ് എന്ന (ഫാരിസ് അബൂബക്കറിന്റെ ബിനാമി കമ്പനി) നികത്താൻ അനുമതി തേടിയതും 2015 ൽ പാതിയോളം നികത്തിയതും. നിയമവിരുദ്ധമായി നികത്തിയ വയൽ മണ്ണെടുത്ത് പൂർവ്വസ്ഥിതിയിലാക്കാൻ എറണാകുളം ജില്ലാ കളക്ടർ ഉത്തരവിട്ടു. അത് ചോദ്യം ചെയ്തു കമ്പനി സമർപ്പിച്ച ഉത്തരവ് നിയമോപദേശം പോലും വകവെയ്ക്കാതെ റവന്യു സെക്രട്ടറി അനുവദിച്ചു. (PH കുര്യൻ റിട്ടയർ ചെയ്യുന്നതിന്റെ തലേന്ന് തിരക്കിട്ട് അനുവദിച്ചു എന്ന് മാധ്യമങ്ങൾ). കലക്ടറുടെ ഉത്തരവ് റദ്ദാക്കി കമ്പനിയോട് ഭൂമി ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ അപേക്ഷിച്ചോളാൻ ഈ ഇടതുസർക്കാർ ഉത്തരവിട്ടു.
എല്ലാ ഉത്തരവും വെബ്‌സൈറ്റിൽ ഇടുന്ന സുതാര്യ സർക്കാർ ഈ ഉത്തരവ് മാത്രം പൂഴ്ത്തിവെച്ചു.. മാസങ്ങൾ പൂഴ്ത്തിവെച്ച ഫയൽ റവന്യു മന്ത്രി അറിഞ്ഞപ്പോൾ, നൽകിയ അനുമതി താൽക്കാലികമായി മരവിപ്പിച്ചു.. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. വിദേശത്തായിരുന്ന മുഖ്യമന്ത്രി അടിയന്തിരമായി ഫയൽ വരുത്തിച്ചു.. അഡ്വ.ജനറലിനെക്കൊണ്ട് നിയമോപദേശം വാങ്ങി.. റവന്യു മന്ത്രിക്ക് അനുമതി സ്റ്റേ ചെയ്യാൻ അധികാരമില്ലത്രേ !! നാഴികയ്ക്ക് നാൽപ്പത് വട്ടം നെൽവയൽ സംരക്ഷണം പറയുന്ന LDF ആണ്.. സുസ്ഥിര പരിസ്ഥിതി സൗഹൃദ കേരളം പണിയാൻ 31,000 കോടി ലോകബാങ്കിനോട് കടംവാങ്ങിയ മുഖ്യമന്ത്രിയാണ്... നെതർലാൻഡിൽ പോയി വെള്ളത്തിനു ഒഴുകാൻ സ്ഥലമുണ്ടാക്കണം ഇല്ലെങ്കിൽ വെള്ളപ്പൊക്കം ഉണ്ടാവുമെന്ന പരിസ്ഥിതി പാഠം പഠിച്ച മുഖ്യമന്ത്രിയാണ്...
14 ഏക്കർ പുഴയ്ക്ക് സമീപമുള്ള ഒന്നാംതരം വയൽ നികത്താൻ ഒരു റിയൽഎസ്റ്റേറ്റ് കമ്പനിക്ക് വേണ്ടി സർക്കാർ സംവിധാനങ്ങൾ എല്ലാം ദുരൂപയോഗിച്ചത്.. മുഖ്യമന്ത്രിക്ക് പങ്കില്ലെങ്കിൽ ഉത്തരവിട്ട ഉദ്യോഗസ്ഥർക്ക് എതിരെ ഒരു നടപടിയുമില്ലാത്തത് എന്തുകൊണ്ട് !! റദ്ദാക്കാത്തത് എന്തുകൊണ്ട്?? സർക്കാർ ഉത്തരവ് ഇന്നലെ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. LDF ഭരിക്കുമ്പോഴും വയൽ സംരക്ഷിക്കാൻ സർക്കാരിനെതിരെ കാശും ഊർജ്ജവും ചെലവാക്കി കോടതിയിൽ പോകേണ്ട അവസ്ഥയിലാണ് പരിസ്ഥിതി പ്രവർത്തകർ.. ഫാരിസും കൂട്ടരും നികത്തിക്കഴിഞ്ഞുള്ള വയൽ മതി നമുക്ക് സംരക്ഷിക്കാൻ എന്നാണോ CPIM സുഹൃത്തുക്കൾ പറയുന്നത്? മുഖ്യമന്ത്രിയുടെ തലയുമായി 'ഹരിത കേരള'ത്തിന്റെ ഒരു നൂറു ഫ്‌ളക്‌സ് കൂടി വെച്ചാലോ?
ആർജ്ജവമുണ്ടെങ്കിൽ ഈ ഉത്തരവിട്ട ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തു കാണിക്കൂ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha



























