പഴയ ഒന്നാം റാങ്കുകാരന്‍... പ്രമുഖ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിക്ക് നിര്‍ബന്ധിത പിരിച്ചുവിടല്‍ നല്‍കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്; സര്‍വീസില്‍ പത്തു വര്‍ഷം കൂടി ശേഷിക്കെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു ശിപാര്‍ശ കത്ത് നല്‍കി

മലയാളികള്‍ എക്കാലവും ഓര്‍മ്മിക്കുന്ന ഐ.എ.എസ്. ഓഫീസറാണ് രാജു നാരായണ സ്വാമി. സ്‌കൂള്‍ പഠനകാലം മുതല്‍ ഒന്നാം റാങ്കുകളുടെ കൂട്ടുകാരനായിരുന്നു രാജു നാരായണസ്വാമി. എസ്.എസ്.എല്‍.സി, പ്രീഡിഗ്രി, ഗേറ്റ്, ഐ.ഐ.ടി. ഫൈനല്‍ പരീക്ഷകളിലെ ഒന്നാം റാങ്ക് സിവില്‍ സര്‍വീസ് പരീക്ഷയിലും ആവര്‍ത്തിച്ചു. അതോടെ വലിയ പ്രാധാന്യമാണ് രാജു നാരായണ സ്വാമിക്ക് ലഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മിന്നും തിളക്കം സര്‍വീസില്‍ തുടരാന്‍ പല കാരണങ്ങള്‍ തടസമായി. അദ്ദേഹത്തിന്റെ കര്‍ശന നിലപാടുകള്‍ പലപ്പോഴും പല മന്ത്രിമാരേയും മറ്റ് ഉദ്യോഗസ്ഥരേയും ചൊടുപ്പിച്ചിട്ടുണ്ട്. അതാണിപ്പോള്‍ പിരിച്ചുവിടലിലേക്ക് കാര്യങ്ങള്‍ പോകുന്നത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിക്ക് നിര്‍ബന്ധിത പിരിച്ചുവിടല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു ശിപാര്‍ശ നല്‍കിയതായി ഒരു പ്രമുഖ പത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച അടിയന്തര സന്ദേശം കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് അയച്ചുകൊടുത്തു.
ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിലയിരുത്തിയാണു കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടെ തീരുമാനം. കേരളത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് ആദ്യമായാണ്. സര്‍വീസില്‍ പത്തു വര്‍ഷം കൂടി ശേഷിക്കെയാണു പുറത്താകുന്നത്.
സംസ്ഥാന, കേന്ദ്ര സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചെന്നു സമിതി കണ്ടെത്തി. സുപ്രധാന തസ്തികകള്‍ വഹിക്കുമ്പോഴും പലപ്പോഴും ഓഫീസില്‍ എത്തിയിരുന്നില്ല. അടുത്തിടെ കേന്ദ്ര സര്‍വീസില്‍നിന്ന് സംസ്ഥാന സര്‍വീസിലേക്കു തിരിച്ചുവന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചില്ല. ഡല്‍ഹിയില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍നിന്ന് മൂന്നു മാസംമുമ്പ് വിരമിച്ച അദ്ദേഹം എവിടെയാണെന്നു സര്‍ക്കാര്‍ രേഖകളിലില്ല. ഒളിവു ജീവിതത്തെപ്പറ്റി ഇതുവരെ വിവരമൊന്നുമില്ലെന്നു സമിതി നിരീക്ഷിച്ചു.
സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ കലക്ടറായിരുന്നു. മുന്‍മന്ത്രി ടി.യു. കുരുവിളയുടെ ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രാജു നാരായണസ്വാമിയായിരുന്നു.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ വിവിധ വകുപ്പുകളിലായി 20ലേറെ സ്ഥലംമാറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കുണ്ടായിട്ടുള്ളത്. 2001-02 കാലത്ത് കാസര്‍കോട് കലക്ടറായിരിക്കെ കുമ്ബളയിലെ ഒരു സ്വകാര്യ ആശുപത്രി മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തണമെന്ന ഒരു മന്ത്രിയുടെ ആവശ്യത്തിന് കൂട്ടുനില്‍ക്കാതിരുന്നതുള്‍പ്പെടെ തട്ടിപ്പുകള്‍ക്കു കൂട്ടുനില്‍ക്കാതിരുന്നതോടെ രാജുനാരായണസ്വാമി യുഡിഎഫ് സര്‍ക്കാരുകളുടെ നോട്ടപ്പുള്ളിയാകുകയായിരുന്നു. വി എസ് മുഖ്യമന്ത്രിയും സിപിഐ മന്ത്രിയായിരുന്ന കെപി രാജേന്ദ്രന്‍ റവന്യൂമന്ത്രിയുമായിരുന്ന കാലത്ത് നടന്ന മൂന്നാര്‍ ദൗത്യത്തിന്റെ ചുക്കാന്‍ അന്നത്തെ ഇടുക്കി ജില്ലാ കളക്ടറായിരുന്ന രാജുനാരായണസ്വാമിക്കായിരുന്നു. 2007 മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്തു നടന്ന മൂന്നാര്‍ ദൗത്യത്തില്‍ റവന്യൂ നിയമങ്ങളില്‍ രാജുവിനുണ്ടായ അവഗാഹമായിരുന്നു സര്‍ക്കാരിന്റെ നടപടികളുടെ ധൈര്യം. പല രാഷ്ട്രീയ കാരണങ്ങളാലും ദൗത്യം പൂര്‍ണതയിലെത്തിയില്ലെങ്കിലും നിയമപരമായി തിരിച്ചുപിടിച്ച ഭൂമി സര്‍ക്കാരിന് മുതല്‍ക്കൂട്ടായിത്തന്നെ തുടരുന്നു.
ഇതിനു പിന്നാലെയായിരുന്നു ഇടുക്കി ജില്ലയിലെ രാജകുമാരി ഭൂമി ഇടപാടിലും ശക്തമായ റിപ്പോര്‍ട്ടുമായി രാജു നാരായണസ്വാമി എത്തിയത്. ഇടുക്കി ജില്ലയിലെ രാജകുമാരി വില്ലേജിലെ 50 ഏക്കര്‍ ഭൂമി കുരുവിളയുടെ മക്കള്‍ ഏഴു കോടി രൂപയ്ക്ക് വ്യവസായി കെജി എബ്രഹാമിന് കൈമാറാന്‍ ശ്രമിച്ചതായിരുന്നു കേസിനാധാരം. ഈ ഭൂമി പുറമ്‌ബോക്കാണെന്നും കുരുവിളയുടെ ബിനാമി ഭൂമിയാണെന്നും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് എബ്രഹാം ഇടപാടില്‍ നിന്നും പിന്മാറി. എന്നാല്‍ ഏഴു കോടി തനിക്ക് തിരികെ ലഭിച്ചില്ലെന്ന് എബ്രഹാം ആരോപണമുയര്‍ത്തിയതോടെയാണ് രാജകുമാരി ഇടപാട് പുറത്തുവന്നു. കേസില്‍ ശക്തമായ നിലപാട് രാജു നാരായണസ്വാമി സ്വീകരിച്ചതോടെ കുരുവിളയ്ക്ക് രാജിവയ്‌ക്കേണ്ടിവന്നു. രാജു നാരായണസ്വാമിയുടെ റിപ്പോര്‍ട്ടുകള്‍ പിന്നീട് ഇക്കാര്യം അന്വേഷിച്ച നരേന്ദ്രന്‍ കമ്മീഷന്‍ പൂര്‍ണമായും ശരിവയ്ക്കുകയും ചെയ്തു.
വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് രാജുനാരായണസ്വാമിയെ യുഡിഎഫ് സര്‍ക്കാര്‍ അടിക്കടി വകുപ്പുമാറ്റുകയായിരുന്നു. തുടക്കത്തില്‍ സിവില്‍സപ്‌ളൈസ് കമ്മീഷണറുടെ ചുമതല നല്‍കിയെങ്കിലും അഴിമതിക്ക് തടസ്സംനിന്നതോടെ 9 മാസത്തിനകം അവിടെനിന്ന് മാറ്റുകയായിരുന്നു. പിന്നീട് സൈനികക്ഷേമം, യുവജനക്ഷേമം, ഡ്ബ്‌ളിയു ടി ഓ സെല്‍ എന്നിങ്ങനെ അടിക്കടി സ്ഥാനംമാറ്റിയതോടെ കഴിഞ്ഞ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷം ഈ മികച്ച ഉദ്യോഗസ്ഥന് പീഡനകാലമായി. ഈ സര്‍ക്കാരിന്റെ കാലത്തും പല ഡിപ്പാര്‍ട്ടുമെന്റുകളില്‍ മാറി മാറി ഇരുന്നെങ്കിലും വിവാദം തീര്‍ന്നില്ല. അവസാനം പിരിച്ചുപിടല്‍ ഭീഷണി.
https://www.facebook.com/Malayalivartha



























