മകന്‍ ലൈംഗിക പീഡന വിവാദത്തില്‍ നെട്ടോട്ടമോടുമ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍

മകന്‍ ലൈംഗിക പീഡന വിവാദത്തില്‍ നെട്ടോട്ടമോടുമ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍. കൂടെയുള്ളവരും തള്ളിപ്പറയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനാല്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ചികിത്സയിലുള്ള അദ്ദേഹം അവധിയെടുക്കുമെന്ന് അറിയുന്നു. തെരഞ്ഞെടുപ്പ് അവലോകനം ചര്‍ച്ച ചെയ്യാന്‍ നാളെ ചേരുന്ന സംസ്ഥാന കമ്മിറ്റിയോഗം ഏറെ നിര്‍ണായകമായിരിക്കും. കോടിയേരി മാത്രല്ല കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദനും വിയര്‍ക്കും. ആന്തൂരിലെ ബക്കളത്ത്് പ്രവാസി വ്യവസായിയായ പാര്‍ട്ടിക്കാരന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം നരഗസഭാ ചെയര്‍പേഴ്‌സണായ, ഗോവിന്ദന്റെ ഭാര്യ ശ്യാമളയാണെന്ന ആരോപണം പാര്‍ട്ടിക്കാര്‍ തന്നെ മുന്നോട്ട് വെച്ചുകഴിഞ്ഞു. അങ്ങനെ എല്ലാം കൊണ്ടും സംഭവബഹുലമാകും നാളത്തെ സംസ്ഥാന കമ്മിറ്റി.
കോടിയേരിയുടെ രണ്ടാം ടേമാണ് സെക്രട്ടറി പദത്തില്‍. അടുത്ത സി.പി.എം മുഖ്യമന്ത്രി കസേര സ്വപ്‌നം കണ്ടാണ് അദ്ദേഹം നടക്കുന്നതെന്ന് പലരും പറയുന്നുണ്ട്. അതെല്ലാം മകന്റെ വിവാഹ വാഗ്ദാന വിവാദത്തെ തുടര്‍ന്ന് ഏതാണ്ട് അസ്തമിച്ച മട്ടിലായി. മുമ്പും മക്കളെ ചൊല്ലി പല പ്രശ്‌നങ്ങളും കേസുകളും ഉണ്ടായെങ്കിലും അതൊക്കെ ഒതുക്കി തീര്‍ക്കത്തക്കതായിരുന്നു. പുതിയ കേസ് അങ്ങനെയല്ല. സ്ത്രീശാക്തീകരണം, ജന്‍ഡര്‍ ഇക്വാളിറ്റി എന്നിവയ്ക്കായി ഉറഞ്ഞുതുളളുന്ന പാര്‍ട്ടിയും സര്‍ക്കാരും വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും അതില്‍ ഒരു കുട്ടിയുണ്ടായ ശേഷം മുങ്ങുകയും ചെയ്ത പ്രതിയെ സംരക്ഷിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. അതിനാല്‍ കോടിയേരി സുഖചികിത്സയുടെ പേരില്‍ കോടിയേരി അവധിയെടുക്കണമെന്ന് കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചതായി സൂചനയുണ്ട്. ഇരയായ പെണ്‍കുട്ടി കേന്ദ്രകമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. പരാതിയില്‍ കഴമ്പില്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചതിനെ തുടര്‍ന്ന് അവരത് കാര്യമാക്കിയില്ലെന്നും അറിയുന്നു.
കോടിയേരിയും ഭാര്യ വിനോദിനിയും ചികിത്സയില്‍ കഴിയുന്ന ശാന്തിഗിരി ആശ്രമത്തില്‍ മുംബയ് പൊലീസ് എത്തുമെന്ന് വാര്‍ത്തകളുണ്ട്. മാധ്യമങ്ങളുമായി സംസാരിക്കരുതെന്ന് മുംബയില്‍ നിന്നെത്തിയ പൊലീസുകാര്‍ക്ക് കേരളാ പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററില്‍ ബിനോയി ഉണ്ടെന്നും അവിടെ മുംബയ് പൊലീസ് പരിശോധന നടത്തിയേക്കും എന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങളും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അങ്ങനെ മൊത്തത്തില്‍ സി.പി.എം വലിയ വെല്ലുവിളി നേരിടുകയാണ്. ബിനോയിയെ കസ്റ്റഡിയിലെടുത്ത് നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേരള പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുംബയ് പൊലീസ് ഇവിടെ തുടരുകയാണ്. പരാതിക്കാരിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തിയിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ക്ഷീണം മറയ്ക്കാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കുമ്പോഴാണ് പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിസന്ധിയിലാക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ മുംബൈ പൊലീസ് നടപടി ആരംഭിച്ചതായി വിവരം. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് തലശ്ശേരിയിലേയും തിരുവങ്ങാട്ടെയും ന്യൂമാഹിയിലേയും വീട്ടിലെത്തിയെങ്കിലും പൂട്ടികിടക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി ബിനോയ് മുംബൈ കോടതിയിലേക്ക് എത്തിയേക്കുമെന്നും സൂചനകളുണ്ട്.
https://www.facebook.com/Malayalivartha



























