തന്നോട് ചോദിക്കാതെ മദ്യം എടുത്ത് കുടിച്ച ദേഷ്യത്തിലാണ് പ്രസാദിനെ കൊലപ്പെടുത്തിയതെന്ന് പ്രതി സജീവൻ

പോത്താനിക്കാട് യുവാവ് വീടിന്‍റെ ടെറസില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തൊഴിലുടമ കുറ്റംസമ്മതിച്ചു . അനുവാദം കൂടാതെ മദ്യമെടുത്ത് കഴിച്ചതിന്‍റെ ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് തൊഴിലുടമയായ സജീവന്‍ പൊലീസിനോട് സമ്മതിച്ചു. പുളിന്താനം സ്വദേശി കുഴിപ്പിള്ളില്‍ പ്രസാദിനെയാണ് സജീവന്‍റെ വീടിന്‍റെ ടെറസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അനുവാദം കൂടാതെ മദ്യം എടുത്ത് കഴിച്ചതിന്റെ ദേഷ്യത്തില്‍ എയര്‍ഗണ്ണിന്റെ പാത്തി കൊണ്ട് തലക്കും നെഞ്ചിനും അടിച്ചതായാണ് പ്രതി പൊലീസിനോട് സമ്മതിച്ചത്. സജീവനും പ്രസാദും ചേര്‍ന്ന് വാങ്ങിയ മദ്യം പ്രസാദ് ഒറ്റയ്ക്ക് കുടിച്ചുതീര്‍ത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹത്തിന്‍റെ സമീപത്തുനിന്ന് എയര്‍ഗണ്‍ കണ്ടെടുത്തിരുന്നു. പോത്താനിക്കാട് സി.ഐ ജി സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
സംഭവ ദിവസം രാവിലെ ഒരു ഓട്ടോ ഡ്രൈവറാണ് സജീവന്‍റെ വീടിന് മുകളില്‍ പ്രസാദിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് പിടിവലി നടന്നതിന്‍റെ അടയാളമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് തൊഴിലുടമ കൂടിയായ സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തുടക്കത്തില്‍ കുറ്റം സമ്മതിക്കാന്‍ വിസമ്മതിച്ച സജീവന്‍ വിശദമായ ചോദ്യം ചെയ്യലിലാണ് കൊല നടത്തിയത് താനാണെന്ന് ഏറ്റുപറഞ്ഞത്. ഏറെക്കാലമായി സജീവന്‍റെ വീട്ടിലെ ജോലിക്കാരനായിരുന്നു സമീപവാസി കൂടിയായ പ്രസാദ്. ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നത് പതിവായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.
https://www.facebook.com/Malayalivartha


























