പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ നീരൊഴുക്ക് ശക്തമായി; വെള്ളം കയറിയതോടെ പട്ടാമ്പി പാലം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി: തീരത്തുള്ളവർക്ക് ജാഗ്രതാനിർദ്ദേശം- തൃത്താല-പട്ടാമ്പി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു

പട്ടാമ്പിയിൽ ഭാരതപ്പുഴ കരകവിഞ്ഞു ഒഴുകി തുടങ്ങി. ഇന്ന് രാവിലെ നാലോടെയാണ് പുഴയിൽ നീരൊഴുക്ക് ശക്തമായത്. തൃത്താല-പട്ടാമ്പി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വെള്ളം കയറിയതോടെ പട്ടാമ്പി പാലം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശവും നല്‍കിയിട്ടുണ്ട്. ഗായത്രിപ്പുഴ, തൂതപ്പുഴ എന്നിവയുടെ തീരത്തുള്ളവർക്കും ജാഗ്രതാനിർദേശമുണ്ട്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് എട്ട് പേരാണ് മരിച്ചത്. മലപ്പുറത്ത് നാല് പേരും കോഴിക്കോട് രണ്ട് പേരും മരിച്ചു. വയനാട്ടിലും കണ്ണൂരിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു.
മലപ്പുറത്തെ എടവണ്ണയിലെ ഒതായിയില്‍ വീട് ഇടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ നാല് പേർ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി. കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കിട്ടി. മാഫുൽ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. ഇതിനിടെ, വയനാട് പുത്തുമലയിൽ രക്ഷാപ്രവർത്തകർ ഒരു മൃതദേഹം കണ്ടെത്തി. കൂടുതൽ ആളുകൾ മണ്ണിനടിയിലുണ്ടെന്നാണ് സംശയം. സൈന്യവും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കണ്ണൂര്‍ ഇരിട്ടി കിളിയന്തറ ടൗണിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെള്ളം ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വില്ലൻപാറ സ്വദേശി ജോയി ആണ് മരിച്ചത്.
അതേ സമയം കാലവര്‍ഷക്കെടുതിയെ നേരിടാന്‍ സംസ്ഥാനെ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ അനുഭവത്തിലാണ് മുന്നൊരുക്കം നടത്തിയതെന്നും മേയ് മാസത്തില്‍ തന്നെ കാലവര്‍ഷക്കെടുതി മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും റവന്യു മന്ത്രി വ്യക്തമാക്കി. കേരളത്തിലെ നിലവിലെ സാചര്യം മറികടക്കാന്‍ കേന്ദ്ര സഹായം ലഭ്യമാകും. കേരളം ആവശ്യപ്പെട്ട ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ബാച്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തുമെന്നും മന്ത്രി അറിയിച്ചു.
ഭോപ്പാലില്‍ നിന്ന് 60 പേര്‍ വീതമുള്ള നാല് ബാച്ചുകളും, നീലഗിരിയില്‍നിന്ന് രണ്ട് ബാച്ചുകള്‍ പാലക്കാടും എത്തും. രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനും വിലയിരുത്തുന്നതിനും വിവിധ വകുപ്പ് മേധാവികളും സേനാമേധാവികളും തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൂടുതല്‍ ശക്തിപ്പെടുന്ന മഴയാണ് ആളുകളെ ആശങ്കപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























