കൂടത്തായി കൊലക്കേസില്‍ കൊലകള്‍ക്കുപയോഗിച്ച സയനൈഡിന്റെ ഉറവിടം കണ്ടെത്തി... എസ്.ഐ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരെത്തി അന്വേഷിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്

കൂടത്തായി കൊലക്കേസില്‍ കൊലകള്‍ക്കുപയോഗിച്ച സയനൈഡിന്റെ ഉറവിടം കണ്ടെത്തി. കോയമ്പത്തൂരില്‍ നിന്നാണ് ഇതെത്തിയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. എസ്.ഐ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരെത്തി അന്വേഷിച്ചതോടെയാണു സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മുഖ്യപ്രതിയായ ജോളിക്ക് സയനൈഡ് നല്‍കിയതു രണ്ടാം പ്രതിയായ മാത്യുവാണ്. ഇദ്ദേഹം സയനൈഡ് വാങ്ങിയത് മൂന്നാംപ്രതി പ്രജികുമാറില്‍ നിന്നാണെന്നും നേരത്തേ വ്യക്തമായിരുന്നു.
ഇതിനു പിന്നാലെയാണ് അന്വേഷണം കോയമ്പത്തൂരിലേക്കെത്തിയത്. കോയമ്പത്തൂരിലെ സത്യന്‍ എന്നയാളാണു മാത്യുവിന് സയനൈഡ് നല്‍കിയതെന്നു കണ്ടെത്തിയിട്ടുണ്ട്. സത്യന്റെ മൊഴി രേഖപ്പെടുത്തി. സത്യന് സയനൈഡ് നല്‍കിയ വ്യക്തി അഞ്ചുമാസം മുന്‍പ് മരിച്ചു. ഇയാള്‍ക്ക് സയനൈഡ് കൈവശം വെയ്ക്കുന്നതിന് ലൈസന്‍സ് ഉണ്ട്.
ഇതുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റും അന്വേഷണ സംഘം ശേഖരിച്ചു. ജോളി കോയമ്പത്തൂരിലേക്കു പലതവണ പോയതിന്റെ തെളിവുകളും നേരത്തേ ലഭിച്ചിരുന്നു.വീണ്ടും കസ്റ്റഡിയില്‍ ലഭിക്കുന്ന പക്ഷം ജോളിയെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. ജോളിയുമായി അടുത്ത ബന്ധമുള്ള ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ ജോലി ചെയ്യുന്നതും കോയമ്പത്തൂരാണ്.അതുകൊണ്ടു ജോളിയുടെ കോയമ്പത്തൂര്‍ യാത്രയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്നത് ഉറപ്പിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha
























