ഓണ്‍ലൈന്‍ വഴി കൊറിയര്‍ ചാര്‍ജ് അടച്ച യുവാക്കള്‍ക്ക് 31,689 രൂപ നഷ്ടമായി

പേട്ടയിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാര്‍ ഓണ്‍ലൈന്‍ വഴി കൊറിയര്‍ ചാര്‍ജ് അടച്ചതിനെ തുടര്‍ന്ന് അക്കൗണ്ടില്‍ നിന്നും 31,689 രൂപ നഷ്ടപ്പെട്ടതായി പരാതി. ഏരൂര്‍ സ്വദേശിയായ ഇന്ദു വിനു, മരട് സ്വദേശിയായ നവാസ് എന്നിവര്‍ക്കാണ് പണം നഷ്ടപെട്ടത്. ഇന്ദുവിന്റെ അക്കൗണ്ടില്‍ നിന്നും നാല് തവണയായി 30699 രൂപയും നവാസിന്റെ അക്കൗണ്ടില്‍ നിന്ന് 990 രൂപയുമാണ് പിന്‍വലിച്ചിരിക്കുന്നത്. സംഭവത്തില്‍ മരട് പോലീസ് സ്റ്റേഷനിലും സൈബര്‍ ഓഫീസിലും പരാതി നല്‍കിയതായും, കൊറിയര്‍ കമ്പനിയുടെ പത്തടിപ്പാലത്തെ പ്രധാന ഓഫീസില്‍ പരാതി നല്‍കാനിരിക്കയാണെന്നും ഇന്ദു പറഞ്ഞു.
കമ്പനി ആവശ്യത്തിനായി ബംഗളൂരുവിലെ കൊറിയര്‍ ഓഫിസിലേക്ക്്, പേട്ടയിലെ ഡിടിഡിസി വഴിയാണ് കൊറിയര്‍ അയച്ചത്. ഇതിനായി കൊറിയര്‍ കമ്പനി 10 രൂപ ഈടാക്കിയിരുന്നു. എന്നാല്‍ നിശ്ചിത സമയത്ത് കൊറിയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പേട്ടയിലെ കൊറിയര്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ ട്രാക്ക് നമ്പര്‍ നല്‍കി. ഇന്റര്‍നെറ്റില്‍ ഡിടിഡിസിയുടെ സൈറ്റില്‍ ഈ ട്രാക്ക് നമ്പര്‍ വച്ച് പരിശോധിച്ചപ്പോള്‍ കൊറിയര്‍ ഡിടിഡിസിയുടെ ബംഗളൂരു ഓഫീസില്‍ തന്നെയാണ് ഉള്ളതെന്ന് മനസിലായി.
ബാംഗ്ലൂര്‍ കൊറിയര്‍ ഓഫീസിലേക്ക് നെറ്റില്‍ നിന്നും ലഭിച്ച നമ്പറില്‍ വിളിച്ചപ്പോള്‍ കൊറിയര്‍ ഡെലിവറി ചെയ്യണമെങ്കില്‍ 10 രൂപ അധികമായി നല്‍കണം എന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് ഇന്ദു ഗൂഗിള്‍ പേ മുഖാന്തിരം പണം അയക്കാം എന്ന് പറഞ്ഞപ്പോള്‍ ഇന്ദുവിന്റെ വാട്‌സ് ആപ്പ് നമ്പറിലേക്ക് ഒരു ലിങ്ക് അയക്കാമെന്നും ഫോണ്‍കോള്‍ കട്ട് ചെയ്യാതെ അത് ഗൂഗിള്‍ പേയുമായി ബന്ധിപ്പിച്ച് 10 രൂപ അയക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇത് പ്രകാരം പണം അയക്കുകയായിരുന്നു.
എന്നാല്‍ ഇതിന് ശേഷവും കൊറിയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും മുന്‍പ് വിളിച്ച ബാംഗളൂരു ഓഫീസിലെ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ 22 രൂപ കൂടി അധികമായി അടയ്ക്കേണ്ടതുണ്ടെന്ന് വീണ്ടും അറിയിപ്പ് ലഭിക്കുകയും ഇതുപ്രകാരം സഹപ്രവര്‍ത്തകനായ നവാസിന്റെ മരട് സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖ വഴി 22 രൂപ അടയ്ക്കുകയും ചെയ്തു. എന്നാല്‍ നവാസിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 990 രൂപ പിന്‍വലിച്ചതായി മെസേജ് വന്നു.
സംശയം തോന്നിയതിനാല്‍ ഇന്ദു താന്‍ പണം നല്‍കിയ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ നാല് തവണയായി 30699 രൂപ നഷ്ടപ്പെട്ടതായി അറിയാന്‍ കഴിഞ്ഞു. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ബംഗളൂരുവിലെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ പണം നാളെ അക്കൗണ്ടിലേക്ക് തിരിച്ചു വരുമെന്ന അറിയിപ്പാണ് ഉണ്ടായത്. എന്നാല്‍ പണം ഇന്ന് തന്നെ ലഭിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ഫോണ്‍ കട്ട് ചെയ്തു. ഹിന്ദി ഭാഷയില്‍ ആണ് ഫോണെടുത്തവര്‍ സംസാരിച്ചതെന്ന് ഇന്ദു പറഞ്ഞു.
https://www.facebook.com/Malayalivartha



























