ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്

ആലപ്പുഴ ജില്ലയുടെ കരുത്തായ കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് ആഭ്യന്തര- കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കയർമേഖല നേരിടുന്ന പ്രതിസന്ധികളും പരിഹാരമാർഗ്ഗങ്ങളും വിശദമായി ചർച്ചചെയ്ത് മന്ത്രിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ വിപുലമായ യോഗം ചേർന്നു. ചെറുകിട ഉത്പാദകർ, കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്നവർ, എംഎൽഎമാർ, ഉദ്യോഗസ്ഥർ, കയർ കോർപ്പറേഷൻ, കയർഫെഡ്, ഫോം മാറ്റിംഗ്സ് പ്രതിനിധികൾ തുടങ്ങിയവരാണ് വിവിധ യോഗങ്ങളിൽ പങ്കെടുത്തത്.
കയർ കോർപ്പറേഷൻ, കയർ മിഷനറി മാനുഫാക്ചറിംഗ് കമ്പനി, കയർ ഫെഡ്, ഫോം മാറ്റിംഗ്സ് എന്നിവിടങ്ങളിലൊന്നും പുതിയ നിയമനങ്ങൾ വേണ്ടെന്ന് മന്ത്രി നിർദേശിച്ചു. ഇവിടങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ചെലവ് കൂടുതലാണെന്നും ഒരു സ്ഥാപനവും പരസ്യങ്ങൾ പുതുതായി നൽകരുതെന്നും മന്ത്രി നിർദേശിച്ചു. ഈ നാല് സ്ഥാപനങ്ങളെയും നിലവിലെ അവസ്ഥയിൽ പോകാൻ അനുവദിക്കില്ലെന്നും കാര്യക്ഷമത വർധിപ്പിച്ചേ മതിയാകുമെന്നും മന്ത്രി പറഞ്ഞു.
ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ അടിസ്ഥാനത്തിൽ കയർ സംഘങ്ങൾ നേരിടുന്ന പ്രതിസന്ധികളും പരിഹാരമാർഗങ്ങളും സംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രോജക്ട് ഓഫീസർമാർക്ക് മന്ത്രി നിർദ്ദേശം നൽകി.
https://www.facebook.com/Malayalivartha

























