മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് കാനം ...ആശയത്തിന്റെ പേരില്‍ കൊല്ലുന്നത് പ്രാകൃതമെന്നും സി.പി.ഐ !

അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി കാനം രാജേന്ദ്രൻ. മാവോയിസ്റ്റുകൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് വെടിയുണ്ടയല്ല പരിഹാരമെന്ന് സിപിഐ രൂക്ഷഭാഷയിൽ പ്രതികരിച്ചു. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം വേണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചു. മാവോയിസ്റ്റുകളുടെ ആശയത്തില്‍ യോജിപ്പില്ല. എന്നാല്‍ ആശയത്തിന്റെ പേരില്‍ കൊല്ലുന്നത് പ്രാകൃതമാണെന്നും സംസ്ഥാന കൗണ്‍സില്‍ പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞു.
കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാലും ചെയ്യാൻ പാടില്ലാത്തതാണ് അട്ടപ്പാടിയിൽ പോലീസ് ചെയ്തത്. അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ ആണെന്നാണ് മനസിലാക്കാൻ കഴിയുന്നത്. തലയിൽ വെടിയേറ്റത് ഇതാണ് സൂചിപ്പിക്കുന്നത്. മണിവാസകം ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ആളാണെന്നാണ് വിവരം. ഒരു പോലീസുകാരനെങ്കിലും പരിക്കേറ്റിട്ടുണ്ടോ?" എന്നും കാനം ചോദിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് തള്ളിയ കാനം അർത്ഥശൂന്യമായ നിലപാട് പാടില്ലെന്നും വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ കൊലപാതകത്തിൽ മജിസ്റ്റീരിയൽ അന്വേഷണം വേണമെന്ന് പറഞ്ഞ കാനം, ജനങ്ങളെ സത്യാവസ്ഥ അറിയിക്കണം എന്നും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























