ബത്തേരിയില്‍ പാമ്പ് കടിയേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഷഹലയ്ക്ക് ആന്റി വെനം നല്‍കാതെ, മരണത്തിലേക്ക് തള്ളിവിട്ട ഡോക്ടര്‍ അറിയാന്‍ ഒരു കുറിപ്പ്

ബത്തേരിയില്‍ പാമ്പ് കടിയേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഷഹലയ്ക്ക് ആന്റി വെനം നല്‍കാതെ, മരണത്തിലേക്ക് തള്ളിവിട്ട ഡോക്ടര്‍ അറിയാന്‍, നടന്‍ തിലകന്‍ അതീവഗുരുതരാവസ്ഥയില്‍ ഷോക്കേറ്റ് തിരുവനന്തപുരത്തെ ഗ്രാമപ്രദേശത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യാതെ ഒരു ഡോ.രക്ഷിച്ചതെങ്ങനെയെന്ന് നിങ്ങള്‍ മനസ്സിലാക്കിയിരിക്കണം. സംഭവം ഇങ്ങനെയാണെന്ന് ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സുള്‍ഫിനൂഹൂ പറയുന്നു....
തിരുവനന്തപുരം ജില്ലയിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ താലൂക്ക് ആശുപത്രി. ഒരു ദിവസം രാത്രി പന്ത്രണ്ട് മണി കഴിഞ്ഞു കാണും. സാധാരണ അത്യാഹിത വിഭാഗത്തില്‍ നിന്നും ഡോക്ടര്‍മാരുടെ ഡ്യൂട്ടി റൂമിലേക്ക് പോകാന്‍ ആര്‍ക്കും ആ ആശുപത്രിയില്‍ അവസരം ലഭിക്കാറില്ല. ഡ്യൂട്ടി ഡോക്ടര്‍ റൂമില്‍ എത്തി ,ആഹാരം കഴിയ്ക്കാന്‍ പാത്രം തുറണതേയുള്ളു, അത്യാഹിത വിഭാഗത്തില്‍ പെട്ടെന്ന് വലിയ ബഹളം
സ്റ്റാഫ് ഡ്യൂട്ടി റൂമില്‍ വന്നു വിളിക്കുന്നതാ പതിവ്, പക്ഷേ അന്ന് അതിനൊന്നും കാത്തു നിന്നില്ല. അത്യാഹിത വിഭാഗത്തിലേക്ക് പെട്ടെന്ന് ചെന്നു. കോറിഡോറില്‍ തന്നെ നൂറ് കണക്കിന് ആള്‍ക്കാര്‍ തടിച്ച്കൂടി നില്‍ക്കുന്നു. ആശുപത്രിക്കു മുന്നില്‍ നിരവധി വാഹനങ്ങള്‍.
സ്റ്റാഫിന്റെ സഹായത്തോടെ കൂടെ നിന്നവരെ അല്പം മാറ്റി നിര്‍ത്തി രോഗിയുടെ അടുത്തെത്തി ഡോക്ടര്‍. കട്ടിലില്‍ കിടക്കുന്ന ആളെ ഒന്നു നോക്കി, നടന്‍ തിലകന്‍. മുഖം നിറയെ , കയ്യിലും കാലിലും ഒക്കെ മൊത്തം മേക്കപ്പ്. അടുത്തുള്ള അമ്പലത്തില്‍ നാടകം കളിക്കാന്‍ വന്നതായിരുന്നു നടന്‍. നാടക അഭിനയത്തിനായി മേക്കപ്പ് ഇട്ടപ്പോള്‍ കുഴഞ്ഞു വീണു. ചില മേക്കപ്പ് സാധനങ്ങള്‍ കടുത്ത അലര്‍ജി ഉണ്ടാക്കും.
ഡോക്ടര്‍ പള്‍സ് നോക്കി. വളരെ ഫീബിള്‍. ഇടയ്‌ക്കൊക്കെ എപ്പോഴോ ഒന്നു മിടിക്കുന്നു. സ്‌റ്റെതസ്‌കോപ്പ് ഉപയോഗിച്ച് ഹൃദയ ശബ്ദം ഒന്നു നോക്കി. അത് വളരെ കുറവ്. രക്ത സമ്മര്‍ദ്ദം റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്നില്ല. രോഗി ഷോക്കിലാണ്. അനാഫെലാക്‌സിസ് മൂലം ഉണ്ടായ ഷോക്ക്.
ഡോക്ടറുടെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി. ഇനി ഉള്ളത് വില പെട്ട നിമിഷങ്ങള്‍. പ്രസിദ്ധ നടന്റെ ജീവന്‍ രക്ഷിക്കാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രമേ ബാക്കിയുള്ളു എന്ന് ഡോക്ടര്‍ തിരിച്ചറിഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്തു തിലകന്‍ മരിച്ചാല്‍ നല്ല എട്ടിന്റെ പണി കിട്ടുമെന്ന് ഉറപ്പായിരുന്നു. അതേ സമയം തൊട്ടടുത്ത നഗരത്തിലെ പ്രധാന ആശുപത്രികളില്‍ ഏതെങ്കിലും ഒന്നിലേക്ക് പറഞ്ഞു വിട്ടാല്‍ അവിടെ ജീവനോടെ എത്താനുള്ള സാധ്യത തുലോം കുറവാണെന്നും ഉറപ്പ്. എന്തും വരട്ടെ എന്നു കരുതി. ഞൊടിയിടയില്‍ രണ്ടു കയ്യിലും രക്ത സമ്മര്‍ദ്ദം കൂട്ടുവാനുള്ള ഡ്രിപ്പുകള്‍. ജീവന്‍ രക്ഷ മരുന്നുകളായ അഡ്രിനാലിനും, കോര്‍ട്ടിസോണും പലപ്രവാശ്യം ഇന്റ്ടുബേറ്റ് ചെയ്യാന്‍ തയ്യറായി തൊട്ടടുത്തു തന്നെ നിന്നു. ഹൃദയം പരിപൂര്‍ണ്ണമായി നിലച്ചാല്‍ ഷോക്ക് കൊടുക്കാനുള്ള ഡിഫൈബറിലേറ്ററും തയ്യാറാക്കി വച്ചു.
ഇതിനിടക്ക് ഡോക്ടറുടെ ഫോണിലേക്കു നിരവധി ഫോണ്‍ കാളുകള്‍ . ബന്ധുക്കളും, പത്രക്കാരുമൊക്കെ വിളിച്ചു കൊണ്ടേയിരിക്കുന്നു. ഫോണ്‍ കാള്‍ എടുക്കാന്‍ സ്റ്റാഫിനെ ഏല്പിച്ചു ഡോക്ടര്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ ക്രമേണ നാടിയിടിപ്പു നോര്‍മലിലേക്കു വന്നു ബി പി ഉയര്‍ന്നു റെക്കോര്‍ഡ് ചെയ്യാന്‍ പറ്റുന്ന ലെവലിലേക്കു എത്തി. ശ്വാസ ചലനം നോര്‍മല്‍ ആകുന്നു. തിലകന് ക്രമേണ ബോധം ലഭിക്കുന്നു. തൊട്ടടുത്തു നിന്ന വേണ്ടപെട്ടവരോടൊക്കെ സംസാരിക്കാന്‍ തുടങ്ങുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കിയ ശേഷം അദ്ദേഹത്തെ 40 കിലോമീറ്റര്‍ അകലെ ഉള്ള പ്രധാന ആശുപത്രിയിലേക്ക് ഡോക്ടര്‍ പറഞ്ഞു വിട്ടു.
ആ ആശുപത്രിയില്‍ തിലകന്‍ ഏതാണ്ട് രണ്ട് ആഴ്ചയിലേറെ കഴിഞ്ഞു. ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടാണ് തിലകന്‍ ഇഹലോക വാസം വെടിയുന്നത്. എല്ലാ ആശുപത്രികളിലും എല്ലാ ഡോക്ടര്‍മാരും എല്ലാ ദിവസവും ചെയ്യുന്ന പണി ആണിതെന്നാണ് തിലകനെ രക്ഷിച്ച ഡോക്ടര്‍ പറയുന്നത്. അന്ന് തിലകനെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരുന്നെങ്കില്‍ അവിടെ എത്തും മുമ്പ് മരിക്കുമായിരുന്നു. ഒരു ടി ടി കൊടുക്കുമ്പോഴും, ആന്റി ബിയോട്ടിക് കൊടുക്കുമ്പോഴും ജീവന്‍ രക്ഷിക്കുകയാണ്. നേരിട്ടു ജീവന്‍ രക്ഷിക്കാന്‍ അത്യപ്പൂര്‍വ്വമായേ അവസങ്ങള്‍ ലഭിക്കൂ. 'അത്തരം ഒരു അവസരം താലത്തില്‍ വച്ചു മുന്നോട്ടു നീട്ടിയാല്‍ ഞാന്‍ ചാടി വീഴുമെന്നാണ് തിലകനെ രക്ഷിച്ച ഡോക്ടര്‍ പറയുന്നത്. 'ആദ്യം രോഗിയുടെ ജീവന്‍. ജയിലില്‍ പോകേണ്ടി വന്നാല്‍ ജയില്‍' ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ കാണിക്കാതിരുന്നത് ഈ ധൈര്യവും ആത്മവിശ്വാസവുമാണ്.
https://www.facebook.com/Malayalivartha

























