അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

ഗണേശോത്സവത്തോട് അനുബന്ധിച്ചു നടന്ന അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറില്‍ കാല്‍ വഴുതി വീണ് യുവതി മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. വിജയവാഡ സ്വദേശിനി സുജാത (46)യാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഭക്തര്‍ക്കായുള്ള അന്നദാനത്തിനു വേണ്ട ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കവേ പാചകപ്പുരയിലാണ് സംഭവം.
ഞായറാഴ്ച രാവിലെ പാചകപ്പുരയില്‍ അന്നദാനം ഒരുക്കുന്നതില്‍ സഹായിക്കുകയായിരുന്നു സുജാത. തിളച്ച സാമ്പാര്‍ മാറ്റിവയ്ക്കുന്നതിനിടെ സുജാത അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. സുജാതയും മറ്റൊരാളും കൂടി വലിയ ചെമ്പ് കൊണ്ടുപോകുന്നതും സുജാത അതിലേക്ക് വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
ദേഹമാസകലം പൊള്ളിയ സുജാതയെ സംഘാടകര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ തിങ്കളാഴ്ച രാവിലെ മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി സാമ്പാറില്‍ വീഴാനിടയായ സാഹചര്യം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























