ശബരിമലയില്‍ വിറ്റ അരവണയില്‍ പല്ലിയെ കണ്ടെത്തിയെന്ന വാര്‍ത്ത വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി

ശബരിമലയില്‍ വിറ്റ അരവണയില്‍ പല്ലിയെ കണ്ടെത്തിയെന്ന വാര്‍ത്ത വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. സുഗമവും സമാധാനപരവുമായി തീര്‍ത്ഥാടനം നടക്കുന്നത് ഇഷ്ടപ്പെടാത്തവര്‍ നടത്തിയ ഗൂഢശ്രമമാണ് ഈ വ്യാജ വാര്‍ത്തയ്ക്ക് പിന്നിലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. വ്യാജ വാര്‍ത്ത സൃഷ്ടിച്ച് ശബരിമലയെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢ ശ്രമം ഏതോ തത്പര കക്ഷികളുടെ ഭാഗത്ത് നിന്ന് ഉള്ളതായി ദേവസ്വം ബോര്‍ഡ് മനസിലാക്കുന്നു. അത് ഭക്തജനങ്ങള്‍ തിരിച്ചറിയണമെന്നും ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു ആവശ്യപ്പെട്ടു. വ്യാജവാര്‍ത്ത തയ്യാറാക്കിയ വരെ കണ്ടെത്തി അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
2019 -20 വര്‍ഷത്തെ മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനം ആരംഭിച്ച് 10 ദിവസം പിന്നിടുന്നു. സുഗമമായും സമാധാനപരവുമായാണ് തീര്‍ത്ഥാടന കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ശബരിമലയിലെ അപ്പം, അരവണ അടക്കമുള്ള വഴിപാടുകളെ അപകീര്‍ത്തിപ്പെടുത്താന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് അസത്യമായ വാര്‍ത്ത പടച്ചു വിടുന്നതും അത് സോഷ്യല്‍ മീഡിയയിലുടെയും മറ്റും പ്രചരിപ്പിക്കുന്നതും ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഏറ്റവും വൃത്തിയുള്ളതും സുരക്ഷിതവുമായ രീതിയില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ആണ് ശബരിമലയിലെ അരവണ പ്ലാന്റില്‍ അരവണ തയ്യാറാക്കി , പായ്ക്ക് ചെയ്ത് വില്‍പ്പനയ്ക്കായി കൗണ്ടറുകളില്‍ എത്തിക്കുന്നത്. പ്ലാന്റില്‍ അരവണ നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്‍പായി പ്ലാന്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും പ്ലാന്റ് അണുവിമുക്തവും ആക്കുന്നതുമായ പ്രക്രിയകള്‍ നടത്തി സജ്ജീകരിക്കുകയാണ് പതിവ്. ഇക്കുറിയും നിര്‍മ്മാണത്തിന് മുന്‍പ് അവ നടത്തിയിരുന്നു .
അതികഠിനമായ താപനിലയിലാണ് അരവണ നിര്‍മ്മാണം നടക്കുന്നത്. അതു കൊണ്ട് നിര്‍മ്മാണം നടക്കുന്ന സമയത്ത് ഒരു ഘട്ടത്തിലും പല്ലി, പാറ്റ, പോലുള്ള ജീവികള്‍ക്ക് ഒരു വിധത്തിലും അരവണ പ്ലാന്റില്‍ കടക്കുവാന്‍ കഴിയുകയില്ല. മാത്രമല്ല അരവണ നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടത്തിലും സംസ്ഥാനഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശനമായ പരിശോധനകളും അരവണ പ്ലാന്റില്‍ നടന്ന ശേഷമാണ് അരവണ ടിന്നുകള്‍ വില്‍പ്പനയ്ക്കായി കൗണ്ടറുകളില്‍ കൊണ്ടുവരുന്നത്. വസ്തുതകള്‍ ഇങ്ങനെയായിരിക്കെയാണ് അരവണയില്‍ പല്ലിയെ കണ്ടുവെന്ന വ്യാജവാര്‍ത്ത സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നത്. ഇക്കാര്യം വാര്‍ത്തയില്‍ കാണിക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് തന്നെ പകല്‍ പോലെ വ്യക്തമാണ്.ഈ വാര്‍ത്ത പൂര്‍ണ്ണമായും വാസ്തവവിരുദ്ധമാണെന്നും ഇത്തരത്തില്‍ വാര്‍ത്ത സൃഷ്ടിച്ചവര്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ബോര്‍ഡ് പരാതി നല്‍കിയതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ശശിയാണ് അരവണയില്‍ ചത്തപല്ലിയെ കിട്ടിയെ ആരോപണവുമായി രംഗത്ത് വന്നത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവമെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഒരു ബോക്‌സ് അരവണയാണ് വാങ്ങിയതെന്നും ഇതില്‍ ഒരെണ്ണം പൊട്ടിച്ച് കുറച്ച് കഴിച്ച് കഴിഞ്ഞപ്പോഴാണ് പല്ലിയെ കണ്ടെത്തിയതെന്നുമായിരുന്നു ആരോപണം. വീട്ടിലിനിയും പൊട്ടിക്കാത്ത അരവണയുണ്ട്. വളരെ ഉയര്‍ന്ന ചൂടില്‍ നിര്‍മ്മിക്കുന്ന അരവണയില്‍ വെന്ത് അലിഞ്ഞു പോകാതെ പല്ലി കിടക്കുന്നതും അരവണ നിര്‍മ്മാണത്തിലെ അപാകത വ്യക്തമാക്കുന്നെന്നും പല്ലിയുടെ അറ്റു പോയ വാലും ഇതേ ബോട്ടിലില്‍ ഉണ്ടെന്നുമാണ് ശശിയുടെ ആരോപണം.
https://www.facebook.com/Malayalivartha

























