കുട്ടി ഗുണ്ടാസംഘം ചെറുമീനല്ല... സ്‌കൂളിലെ അടി ചോദിക്കാനെത്തിയ കുട്ടി ഗുണ്ടാ സംഘം പിടിയിലായി; സ്‌കൂള്‍ കുട്ടികള്‍ക്ക് കച്ചവടം ചെയ്യാനായി തയ്യാറാക്കിയ കഞ്ചാവ് പൊതികള്‍ കണ്ടെടുത്തതോടെ കേസ് മാറി; പോളി ടെക്‌നിക്കിലും ഐടിഐയിലും പഠിക്കുന്ന കുട്ടികളുടെ ലക്ഷ്യം കണ്ട് അധ്യാപകര്‍ അമ്പരന്നു

സ്‌കൂളുകളിലെ അടിപിടികള്‍ സ്വാഭാവികമാണ്. എന്നാല്‍ അതിനെ ചൊല്ലി പുറത്ത് നിന്നുള്ള ആള്‍ക്കാര്‍ ചോദിക്കാന്‍ ചെല്ലുന്നതാണ് പലപ്പോഴും പ്രശ്‌നം രൂക്ഷമാകുന്നത്. അത് പലപ്പോഴും കൂട്ടയടിയിലും പോലീസ് കേസിലും എത്തിക്കും. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലും നടന്നത് അങ്ങനെയൊരു സംഭവമാണ്. എന്നാല്‍ ക്ലൈമാക്‌സില്‍ സംഭവിച്ചത് മറ്റൊന്നാണ്.സഹോദരനെ തല്ലിയത് ചോദിക്കാന്‍ സ്‌കൂളിലെത്തിയ യുവാവും സുഹൃത്തുക്കളും അവസാനം പൊലീസ് പിടിയിലായത് കഞ്ചാവുമായാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് കച്ചവടം ചെയ്യാനായി ചെറിയ പൊതികളാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ പരിസരത്തുനിന്നാണ് രണ്ടു പൊതികളിലായി 11 ഗ്രാം കഞ്ചാവുമായി 4 വിദ്യാര്‍ഥികള്‍ പൊലീസ് പിടിയിലായത്. കടനാട് സ്വദേശി ബിറ്റോ ബേബി, കുഞ്ചിത്തണ്ണി അനന്തു, മടക്കത്താനം അനന്തകൃഷ്ണന്‍, മുനിയറ അശ്വിന്‍ സന്തോഷ് എന്നിവരാണ് പ്രതികള്‍. ബിറ്റോ ബേബിയുടെ കാറില്‍ ഡ്രൈവിങ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍. ഇവരെ മുന്‍പും സ്‌കൂള്‍ പരിസരത്ത് കണ്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പോളി ടെക്‌നിക്കിലും ഐടിഐയിലും പഠിക്കുന്നവരാണ് നാല് പ്രതികളും. മുന്‍പ് പല കേസുകളിലും സംശയത്തെ തുടര്‍ന്ന് പൊലീസ് നിരീക്ഷണം നടത്തിവന്നവരാണ് ഇപ്പോള്‍ പിടിയിലായത്.
വിദ്യാര്‍ഥികള്‍ തമ്മില്‍ അടിയുണ്ടായതില്‍ പരുക്കേറ്റ് ആശുപത്രിയിലായ സഹോദരനു വേണ്ടി പകരം ചോദിക്കാനാണ് ബിറ്റോ ബേബി തന്റെ കൂട്ടുകാര്‍ക്കൊപ്പം രാവിലെ തന്നെ സ്‌കൂളിനു മുന്നിലെത്തിയത്. സഹോദരനെ തല്ലിയ കുട്ടി സ്‌കൂളില്‍ കയറുന്നതിനു മുന്‍പ് വഴിയില്‍ നിര്‍ത്തി തല്ലാനായിരുന്നു പദ്ധതി. ഇതിനായി കാറുമായി വഴിയില്‍ നിലയുറപ്പിച്ച 'കുട്ടി ഗുണ്ടാ സംഘത്തെ' നാട്ടുകാര്‍ നോട്ടമിട്ടതോടെയാണ് 'ക്വട്ടേഷന്‍' പാളിയത്. പൊലീസ് പാഞ്ഞെത്തി നാലുപേരെയും വണ്ടിയിലാക്കി സ്ഥലം വിട്ടു. എന്നാല്‍ ഇവര്‍ സഞ്ചരിച്ച കാര്‍ പരിശോധിച്ചതോടെയാണ് സംഭവം കഞ്ചാവ് കേസായത്. ഇതോടെ 4 പേരെയും സംഭവസ്ഥലത്തെത്തിച്ച് വീണ്ടും തെളിവെടുത്തു. കാറില്‍ നിന്ന് ബിറ്റോയുടെ അനിയന്റെ ഉത്തരക്കടലാസുകള്‍ മുതല്‍ ആയുര്‍വേദ ഗുളികകളും വരെ പൊലീസ് കണ്ടെടുത്തു.
വിദ്യാലയങ്ങളില്‍ ലഹരി വസ്തുക്കള്‍ എത്തുന്നതു തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ഉള്‍പ്പെടെ ലഹരി ഉപയോഗം വ്യാപിച്ചു കഴിഞ്ഞുവെന്നും സ്ഥിതി ഗുരുതരമാണെന്നും ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനുള്ള ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സ്‌കൂളുകളിലെ ലഹരിയ്‌ക്കെതിരെ പൊലീസ്, എക്‌സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, പിആര്‍ഡി വകുപ്പുകള്‍ ചേര്‍ന്നു ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു സംയുക്ത സമിതി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ഈ സമിതിയുടെ ഉത്തരവാദിത്തമായിരിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.
എല്ലാ സ്‌കൂളുകളിലും പിടിഎ നേതൃത്വത്തില്‍ വിമുക്തഭടന്മാരെ സെക്യൂരിറ്റി ഗാര്‍ഡുമാരായി നിയമിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. പ്രവൃത്തിസമയത്ത് ആരെയും അനാവശ്യമായി സ്‌കൂളില്‍ കയറ്റിവിടരുത്. ചുറ്റുമതില്‍ ഇല്ലാത്ത സ്‌കൂളുകളില്‍ നിര്‍മിക്കണം. കുട്ടികളെ ശിക്ഷിക്കുന്നതിനെക്കാള്‍ തിരുത്തിക്കുന്നതിനാണു പരിഗണന നല്‍കേണ്ടത്. രക്ഷിതാക്കളെ വിളിച്ചു സംസാരിക്കണം. 510 കുട്ടികളുടെ ഉത്തരവാദിത്തം ഒരു അധ്യാപകനു മെന്റര്‍ എന്ന നിലയില്‍ നല്‍കണം. ലഹരിക്ക് അമിതമായി അടിമപ്പെട്ടവരെ മാത്രമേ ലഹരിമോചന കേന്ദ്രത്തിലേക്ക് അയയ്ക്കാവൂവെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.
"
https://www.facebook.com/Malayalivartha























