ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം

രാജ്യവ്യാപകമായി സെപ്തംബര്‍ 28 മുതല്‍ 30 വരെ ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം. നാളെത്തന്നെ (സെപ്തംബര്‍ 25) ശമ്പളം, പെന്‍ഷന്‍ എന്നിവ വിതരണം ചെയ്യാനാണ് ധനമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമെ പ്രതിരോധം, തപാല്‍, ടെലികോം വിഭാഗങ്ങളിലെ ജീവനക്കാരും ഈ ക്രമീകരണത്തിന്റെ പരിധിയില്‍ വരും.
കൂടാതെ, ബാങ്ക് സമരം മൂലം ഉപഭോക്താക്കള്‍ക്ക് തുടര്‍ച്ചയായി നിരവധി ദിവസം ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടാതിരിക്കാനായി സെപ്തംബര്‍ 27 ഞായറാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും. പൊതുമേഖലാ ബാങ്കുകള്‍ക്കും റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ക്കും ഇത് ബാധകമാണ്. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരം ബാങ്ക് ശാഖകള്‍, ഓഫീസുകള്‍, എടിഎമ്മുമായി ബന്ധപ്പെട്ട ശാഖകള്‍, കറന്‍സി ചെസ്റ്റുകള്‍ എന്നിവയും അന്ന് പ്രവര്‍ത്തിക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് സെപ്തംബറില്‍ മൂന്ന് ദിവസത്തെ രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആഴ്ചയില്‍ അ!ഞ്ചുദിവസം മാത്രം ജോലി, ഏകീകൃത പെന്‍ഷന്‍ എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
സെപ്തംബര്‍ 30 ബാങ്കിംഗ് മേഖലയിലെ അര്‍ദ്ധവാര്‍ഷിക ക്ലോസിംഗ് ദിവസമായതിനാല്‍ സമരം ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ബാധിക്കാനിടയുണ്ട്. അതേസമയം, സമരത്തിന്റെ സമയത്ത് ആവശ്യമായ ബാങ്കിംഗ് ഇടപാടുകള്‍ക്കായി ഉപഭോക്താക്കള്‍ മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎം, യുപിഐ, ബിസി പോയിന്റുകള്‍ തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കണമെന്ന് വിവിധ ബാങ്കുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനപ്പെട്ട ഇടപാടുകള്‍ സമരത്തിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കാനും ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്തംബര്‍ അവസാന ദിവസങ്ങളിലെ മറ്റ് സര്‍ക്കാര്‍ പേയ്‌മെന്റുകളും ബാങ്കിംഗ് ഇടപാടുകളും സാദ്ധ്യമാകുന്നിടത്തോളം നേരത്തെ പൂര്‍ത്തിയാക്കാനും കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എടിഎമ്മുകളില്‍ മതിയായ പണം നിക്ഷേപിക്കാനും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ശ്രദ്ധിക്കാനും ബാങ്കുകളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha























