410 കോടി രൂപയുടെ ടൈക്കൂൺ മണിചെയിൻ നിക്ഷേപ തട്ടിപ്പ്:കമ്പനി ഡയറക്ടർമാരടക്കം 17 പ്രതികൾ; കമ്പനി ഉദ്യോഗസ്ഥരായ 6 പ്രതികളെ പിടികിട്ടാപ്പുള്ളികളായി കോടതി പ്രഖ്യാപിച്ചു; പ്രതികളെ ഡിസംബർ 31 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവ്

വ്യാജ വിലാസങ്ങളിൽ കമ്പനി രജിസ്റ്റർ ചെയ്ത് ആൾമാറാട്ടം നടത്തി 410 കോടി രൂപയുടെ മണിചെയിൻ നിക്ഷേപത്തട്ടിപ്പ് നടത്തിയതിന് ടൈക്കൂൺ കമ്പനി ഡയറക്ടർമാരടക്കം 17 പേർ പ്രതിപ്പട്ടികയിലുള്ള നിക്ഷേപ തട്ടിപ്പു കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിന് കമ്പനി ഉദ്യോഗസ്ഥരായ ആറു പ്രതികളെ പിടികിട്ടാപ്പുള്ളികളായി കോടതി പ്രഖ്യാപിച്ചു.
ഒളിവിൽ പോയ പ്രതികൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും കോടതി പുറപ്പെടുവിച്ചു. പ്രതികളുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ കണ്ടു കെട്ടി സർക്കാർ ഖജനാവിലേക്ക് മുതൽ കൂട്ടാൻ പ്രതികളുടെ സ്വത്തുക്കൾ സ്ഥിതി ചെയ്യുന്ന അതിർത്തി വില്ലേജ് ഓഫീസർമാരോട് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് വാറണ്ടുത്തരവുകൾ പുറപ്പെടുവിച്ചത്. ആറു പ്രതികളെയും ഡിസംബർ 31 നകം അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ചിനോടാണ് സി ജെ എം പ്രഭാഷ്ലാൽ ഉത്തരവിട്ടത്.
വഞ്ചനാ കേസിൽ പ്രതികളും കമ്പനി ഉദ്യോഗസ്ഥരുമായ ഗോകുൽ , മുത്തുവേൽ , അലക്സ് രാജ് കുമാർ , വിനോദ് ശിവജി , മുരളി , അനിൽകുമാർ എന്നിവരെ അറസ്റ്റ് ചെയ്യാനാണുത്തരവ്.
ടൈക്കൂൺ എംപയർ ഇന്റർനാഷണൽ ലിമിറ്റഡ് എന്ന കമ്പനി , കമ്പനിയുടെ ഡയറക്ടർമാരായ കമലാ കണ്ണൻ , സദാശിവം , കൃപാകരൻ , ഭൂപതി മനോഹരൻ , ഗോകുൽ , പ്രദീഷ് എന്ന വിനു ആനന്ദ് , കമ്പനി ഉദ്യോഗസ്ഥരും സീനിയർ ഏജന്റുമാരുമായ ശ്രീറാം എന്ന എം. രാജേഷ് , മുത്തുവേൽ , അലക്സ് രാജ് കുമാർ , വിനോദ് ശിവജി , രാജേഷ് സദാശിവൻ , നാരായണൻ , പിന്റോ സേട്ട് , മുരളി , അനിൽകുമാർ , മെഹമൂദ് എന്നിവരാണ് നിക്ഷേപ തട്ടിപ്പ് കേസിലെ 1 മുതൽ 17 വരെയുള്ള പ്രതികൾ.
2009-11 കാലയളവിൽ രണ്ടു വർഷം കൊണ്ടാണ് 370 കോടി രൂപ കമ്പനി തട്ടിയെടുത്തത്. 2009 ലാണ് കമ്പനി രജിസ്റ്റർ ചെയ്തത്. തട്ടിപ്പ് നടത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ടൈക്കൂൺ എംപയർഇന്റർനാഷണൽ എന്ന സ്ഥാപനം ആരംഭിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കമ്പനീസ് ആക്റ്റ് പ്രകാരമാണ് സ്ഥാപനം രജിസ്റ്റർ ചെയ്തത്. എന്നാൽ ഉടമകളെ സംബന്ധിച്ച് നൽകിയ ഡിക്ലറേഷനിൽ ഉണ്ടായിരുന്ന വിലാസം വ്യാജമായതിനാൽ ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബാങ്കുകളിൽ നൽകിയ മേൽവിലാസവും വ്യാജമായിരുന്നു.
ആദ്യ അന്വേഷണത്തിൽ 370 കോടി രൂപയുടെ തട്ടിപ്പാണ് വെളിച്ചത്ത് വന്നത്. തുടരന്വേഷണത്തിൽ ചെന്നൈ എച്ച്. ഡി .എഫ്. സി.ബാങ്കിലെ ടൈക്കൂൺ കമ്പനിയുടെ അക്കൗണ്ട് മുഖേന 40 കോടി രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തുകയായിരുന്നു.
ഇതോടെ മണിചെയിൻ രീതിയിൽ കമ്പനി അഞ്ച് ബാങ്കുകൾ വഴി 410 കോടി രൂപ സമാഹരിച്ചതായി തെളിഞ്ഞു. എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട് വഴി സ്വരൂപിച്ച 40 കോടിയിൽ സിംഹഭാഗവും പിൻവലിച്ചതായി വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പി.പി.സദാനന്ദൻ കണ്ടെത്തിയ റിപ്പോർട്ട് കോടതിയിൽ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
കമ്പനിയുടെ ആദ്യ ഡയറക്ടർമാരിലൊരാളായ സദാശിവത്തിന്റെ നേതൃത്വത്തിൽ 7 പേരാണ് അക്കൗണ്ടുകൾ കൈകാര്യം ചെയ്തത്. ഇവരുടെ മേൽവിലാസം വ്യാജമാണെങ്കിലും ഏഴു പേരെയും പോലീസ് തിരിച്ചറിഞ്ഞതറിഞ്ഞ് സ്ഥലം വിട്ടെങ്കിലും പോലീസ് പിടിയിലായി. ആദ്യ ഡയറക്ടറായ കമല കണ്ണൻ കമ്പനി വിട്ട് ഇപ്പോൾ സിംഗപ്പൂരിലാണ്.
ആയിരക്കണക്കിന് പേർ തട്ടിപ്പിനിരയായിട്ടും ഇരുപതോളം പേർ മാത്രമാണ് ആദ്യം പോലീസിൽ പരാതി നൽകാനെത്തിയത്. തങ്ങൾക്ക് പണം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ ബഹുഭൂരിപക്ഷം നിക്ഷേപകരും കഴിയുകയായിരുന്നു. പരാതി നൽകാൻ വൈകിയതാണ് അന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് 7 വർഷം കാലവിളംബം നേരിടേണ്ടി വന്നത്.
2011 ലാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി ( ക്രിമിനൽ ഗൂഢാലോചന ), 419 ( ആൾമാറാട്ടം വഴി ചതിക്കൽ ), 420 ( വഞ്ചന ), 201 ( തെളിവ് നശിപ്പിക്കൽ, കുറ്റക്കാരെ ശിക്ഷയിൽ നിന്നു മറയ്ക്കാനായി കളവായ വിവരം നൽകൽ ), 34 ( കൂട്ടായ്മ ), 1978 ൽ നിലവിൽ വന്ന പ്രൈസ് ചിറ്റ്സ് ആന്റ് മണി സർക്കുലേഷൻ സ്കീം ( തടയൽ ) നിയമത്തിലെ 3,4,5,6 എന്നീ വകുപ്പുകൾ , 2000 ൽ നിലവിൽ വന്ന ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ 66 - ഡി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha























