തിരുവനന്തപുരം പ്രസ്‌ക്ലബ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉപരോധിച്ചു; സെക്രട്ടറിക്ക് ചാണകവെള്ളം സമ്മാനിച്ചു

സദാചാര പൊലീസ് ചമഞ്ഞ് സഹപ്രവര്‍ത്തകയെയും കുടുംബത്തെയും അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം. രാധാകൃഷ്ണനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് അവര്‍ പ്രസ് ക്ലബ് ഓഫീസ് ഉപരോധിച്ചു. മനേജിങ് കമ്മിറ്റി യോഗം നടന്ന മുറിയിലേക്ക് ഇടിച്ചു കയറിയ വനിതകള്‍ രാധാകൃഷ്ണന് ഒരു കുപ്പി ചാണകവെള്ളവും സമ്മാനിച്ചു. തുടര്‍ന്ന് മുറിക്ക് പുറത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. രാധാകൃഷ്ണനെ പുറത്താക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് അവര്‍ പറഞ്ഞു. നടപടി ഉണ്ടാകുമെന്ന് മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
കേരളകൗമുദിയിലെ പ്രൂഫ് റീഡറായ രാധാക്യഷ്ണന്‍ അതേ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വീട്ടിലെത്തിയാണ് സദാചാര ഗുണ്ടായിസം കാട്ടിയത്. ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലേ മാധ്യമ പ്രവര്‍ത്തകയെ അപഹസിച്ച് പ്രസ് ക്ലബ് അംഗങ്ങള്‍ക്ക് രാധാകൃഷ്ണന്‍ മെയില്‍ അയച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. ഞാനൊരു സ്ത്രീയോടും മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്തില്ല; ഒരാളെയും അപമാനിച്ചില്ല. ഒരിടത്തും സദാചാര പോലീസ് ആയതുമില്ല. ജാമ്യമില്ലാ വകുപ്പുള്ള കേസിനു പറ്റിയ പരാതി എഴുതിക്കൊടുക്കാന്‍ പേനയും കടലാസും മാത്രം മതി - എന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്.
സുഹൃത്തിന്റെ വീട്ടില്‍ പോകുകയോ, താമസിക്കുകയോ ചെയ്യുന്നത് ഈ രാജ്യത്ത് ഒരു കുറ്റമല്ല. എന്തു കാര്യത്തിനും ആയിക്കോണ്ട, ഒഫീഷ്യലോ, അണ്‍ ഒഫീഷ്യലോ. എട്ടുമണിയോ, പത്തുമണിയോ, പന്ത്രണ്ടു മണിയോ ആയിക്കോട്ടെ. നിങ്ങള്‍ക്ക് അതില്‍ കാര്യമില്ല- എന്ന് പറഞ്ഞാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സെക്രട്ടറി രാധാകൃഷ്ണനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാധാകൃഷ്ണനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പേട്ട പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ എഫ്.ഐ.ആറില്‍ കൃത്യമായ വിലാസം രേഖപ്പെടുത്തിയിട്ടില്ല. പ്രക്ലബിലെയും പത്രപ്രവര്‍ത്തക യൂണിയനിലെയും ഇലക്ഷനുമായി ബന്ധപ്പെട്ട പൊളിറ്റിക്‌സും ഈ സംഭവത്തില്‍ പലരും ആയുധമാക്കിയിട്ടുണ്ടെന്നാണ് ചില മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്.
https://www.facebook.com/Malayalivartha























