നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടാനും തനിക്കെതിരെ മൊഴിനല്‍കിയ താരങ്ങളെ അടക്കം സ്വാധീനിക്കാനും ദിലീപ് നീക്കംനടത്തുന്നതായി ആക്ഷേപം

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടാനും തനിക്കെതിരെ മൊഴിനല്‍കിയ താരങ്ങളെ അടക്കം സ്വാധീനിക്കാനും ദിലീപ് നീക്കംനടത്തുന്നതായി ആക്ഷേപം. ഇതിന്റെ ഭാഗമായി താരം നടത്തിയ നീക്കം പലരെയും ഞെട്ടിച്ചിരിക്കുകയാണ്. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് മറ്റൊരു തന്ത്രവുമായി മുന്നോട്ടെത്തിയിരിക്കുന്നത്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കോടതി പറഞ്ഞിരുന്നു. അത് പൂര്‍ത്തായാക്കും വരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിനിടെയാണ് വിചാരണക്കോടതിയില്‍ ദിലീപ് പുതിയ അപേക്ഷ നല്‍കിയത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ച മുഴുവന്‍ ഡിജിറ്റല്‍ തെളിവുകളുടെയും പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് വിചാരണ കോടതിയെ സമീപിച്ചത്. ഇത് പൊലീസിനെയും മൊഴി നല്‍കിയ താരങ്ങളെയും മറ്റ് സിനിമാക്കാരെയും ആശങ്കയിലാക്കി. കേസുമായി നേരിട്ട് ബന്ധമില്ലാത്ത 32 ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. അതിന് പുറമേ ദിലീപിന്റെ മൂന്ന് മൊബൈല്‍ ഫോണുകളുമുണ്ട്. ദിലീപിനെതിരെയും അനുകൂലിച്ചും മൊഴി നല്‍കിയവരുടെ അടക്കം ഫോണുകളും മറ്റും പൊലീസിന്റെ പക്കലുണ്ട്. അതിന്റെ പകര്‍പ്പ് നല്‍കിയാല്‍ അവരുടെയൊക്കെ സ്വകാര്യതയെ ബാധിക്കും. കാരണം അവരുടെയെല്ലാം സ്വകാര്യമായ പലകാര്യങ്ങളും ഫോണുകളിലടക്കമുണ്ട്. അവ ദിലീപിന്റെ പക്കലെത്തിയാല്‍ സാക്ഷികളെ അടക്കം സ്വാധീനിക്കാനാവുമെന്നാണ് പൊലീസ് പറയുന്നത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത സാധനങ്ങളില്‍ പലതും തെളിവുകളല്ല. അത് ദിലീപിന് ചോദിക്കാനുള്ള അവകാശമില്ല. അതിനാല്‍ നല്‍കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. നിര്‍ണായ സാക്ഷികളുടെ അടക്കം മൊബൈല്‍ ഫോണ്‍ അന്വേഷണസംഘത്തിന്റെ കയ്യിലുണ്ട്. അവരില്‍ ചിലരുടെ ഫോണുകളില്‍ സ്വകാര്യദൃശ്യങ്ങളും ഫോട്ടോകളുമുണ്ട്. അവ ദിലീപിന് ലഭിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ എളുപ്പമാകും. അതിനാല്‍ അപേക്ഷ തള്ളിക്കളയണമെന്ന് അന്വേഷണ സംഘം വിചാരണകോടതിയോട് ആവശ്യപ്പെടും. പലതരത്തിലുള്ള ഹര്‍ജികളും അപേക്ഷകളും നല്‍കി വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് പ്രോസിക്യൂഷനും പൊലീസും പലതവണ ആരോപിച്ചിട്ടുണ്ട്.
കേസില്‍ ജാമ്യമെടുത്ത ശേഷം ഒളിവില്‍ പോയ ഒന്‍പതാം പ്രതിയെ കഴിഞ്ഞദിവസമാണ് പൊലീസ് പിടികൂടിയത്. വിചാരണ ആരംഭിക്കും മുമ്പ് പ്രതികള്‍ക്കെതിരെ കുറ്റംചാര്‍ത്തും. എന്നാല് സനല്‍കുമാര്‍ എത്താഞ്ഞതോടെ ജാമ്യം നല്‍കിയവരോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. പ്രതിയെ കണ്ടുകിട്ടിയില്ലെങ്കില്‍ ജാമ്യതുക കണ്ടുകെട്ടാനും കോടതി തീരുമാനിച്ചിരുന്നു. അതിനിടെ പ്രതി പാലായിലെ ഒരു സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി കഴിയുകയാണെന്ന വിവരം പൊലീസിന് ലഭിച്ചു. അങ്ങനെ വേഷംമാറി പൊലീസ് സ്ഥലത്ത് എത്തിയപ്പോള്‍ പ്രതി ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha























