മൂക്കില്‍ മോതിരം കയറിയ ബാലികയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അധികൃതര്‍ അനാവശ്യ ടെസ്റ്റുകള്‍ നടത്തി ചെലവിട്ടത് മൂന്ന് ദിവസം; സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രണ്ട് മിനിറ്റിനകം മോതിരം പുറത്തെടുത്തു!
കണ്ണൂരിലെ വെള്ളമുണ്ടയില്‍ ഒരു ആറ് വയസുകാരി ബാലികയുടെ മൂക്കിനുള്ളില്‍ മോതിരം പെട്ടു. വെള്ളമുണ്ട കെ.കെ.സി. ആഷിഖ്-റസീന ദമ്പതികളുടെ മകള്‍ ആയിഷറിതയുടെ മൂക്കിനുള്ളില്‍ ഞായറാഴ്ച രാത്രി 11.45-നാണ് മോതിരം കുടുങ്ങിയത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു.
ഡ്യൂട്ടി ഡോക്ടര്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം അടുത്ത ദിവസം രാവിലെ ഇഎന്‍ടി സ്പെഷലിസ്റ്റ് ഡോക്ടറെ കാണാന്‍ നിര്‍ദ്ദേശിച്ചു . തിങ്കളാഴ്ച രാവിലെ ഒമ്പതിന് ജില്ലാ ആശുപത്രിയിലെത്തി ഇഎന്‍ടി സ്പെഷലിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം എക്സറേ എടുത്തു. എക്സറെ ശരിയായില്ലെന്ന് പറഞ്ഞ് മൂന്ന് തവണയാണ് ഡോക്ടര്‍ ആയിഷറിതയുടെ എക്സറെ എടുപ്പിച്ചത്. ശേഷം അനസ്തേഷ്യ നല്കി സര്‍ജറി ചെയ്യണമെന്നും അനസ്തേഷ്യ ഡോക്ടറെ കാണാനും നിര്‍ദ്ദേശിക്കുകയായിരുന്നു.
നിരവധി ലാബ് ടെസ്റ്റുകള്‍ക്ക് അനസ്തേഷ്യ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എച്ച്ഐവി അടക്കമുള്ള ലാബ് ടെസ്റ്റ് എടുത്ത് ഉച്ചയ്ക്ക് 1.30-ന് റിപ്പോര്‍ട്ടുമായി അനസ്തേഷ്യ ഡോക്ടറെ സമീപിച്ചു. ഡോക്ടര്‍ വീണ്ടും ഇഎന്‍ടി സ്പെഷലിസ്റ്റ് ഡോക്ടറെ കാണാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഡോക്ടര്‍ ചൊവ്വാഴ്ച രാവിലെ എട്ടിന് സര്‍ജറി ചെയ്യാമെന്ന് പറഞ്ഞ് തിരിച്ചയച്ചു. സര്ജറിചെയ്യുമെന്നറിയിച്ചതിനാല് ഭക്ഷണം പോലും കഴിക്കാതെയായിരുന്നു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടു പോയി. അവിടെ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ എക്സറേയോ ടെസ്റ്റുകളോ ഒന്നുമില്ലാതെ മൂക്കില്‍ കേറിയ മോതിരം രണ്ട് മിനിറ്റിനകം പുറത്തെടുക്കുകയും ചെയ്തു.
ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നേരാം വണ്ണം പരിശോധന നടത്താതെ അനാവശ്യമായി സര്‍ജറി നിര്‍ദ്ദേശിക്കുകയും രോഗിയെ പ്രയാസത്തിലാക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി നടപടി വേണമെന്നാവശ്യപ്പെട്ടു കൊണ്ട് രക്ഷിതാക്കള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്കി.
https://www.facebook.com/Malayalivartha