കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല

കാടിറങ്ങുന്ന മൃഗങ്ങള്‍ നാട്ടില്‍ വ്യാപകനാശം വരുത്തുമ്പോള്‍ സ്ഥലത്തെത്താന്‍ വനപാലകര്‍ക്ക് വാഹനമില്ല. കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലാണ് ഈ സ്ഥിതി. ഇവിടെയുള്ള ബൊലേറോ ജീപ്പ് കട്ടപ്പുറത്തായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇതുവരെ പകരം വാഹനം അനുവദിച്ചിട്ടില്ല.
റേഞ്ച് ഓഫീസര്‍ സ്വന്തം കാറിലാണ് ഇപ്പോള്‍ ഫീല്‍ഡ് സന്ദര്‍ശനംനടത്തുന്നത്. അടിയന്തര സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ സ്വന്തം കൈയില്‍ നിന്ന് പണമെടുത്ത് പെട്രോളടിച്ചാണ് വനപാലകരും സംഭവസ്ഥലത്തേക്ക് എത്തുന്നത്. പക്ഷേ പലപ്പോഴും ഇതിന് കഴിയാറില്ല. മലയോര മേഖലയിലെ പല സ്ഥലങ്ങളിലും സാധാരണ കാറുകള്‍ക്ക് കടന്നുചെല്ലാന്‍ കഴിയില്ല. ദുഷ്‌കരമായ വനപാതകളിലൂടെ സഞ്ചരിക്കാന്‍ ഇതിന് യോജിച്ച് വാഹനം വേണം.
നടുവത്തുംമൂഴി റേഞ്ചിന് കീഴിലുള്ള കരിപ്പാന്‍തോട്, പാടം, കൊക്കാത്തോട് എന്നീ ഫോറസ്റ്റ് സ്‌റ്റേഷനതിര്‍ത്തികളിലെ കുളത്തുമണ്‍, കല്ലേലി, മണ്ണീറ തുടങ്ങിയ ജനവാസ മേഖലകളില്‍ കാട്ടാനക്കൂട്ടം നിരന്തരമായി ഇറങ്ങി വന്‍തോതിലാണ് കൃഷിനശിപ്പിക്കുന്നത്. ജനങ്ങളുടെ ജീവനുപോലും ഭീഷണിയാണ് ആനകള്‍. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങിയ വിവരം ലഭിച്ചാലും വാഹനം ഇല്ലാത്തത് മൂലം കൃത്യസമയത്ത് സ്ഥലത്തെത്താന്‍ വനപാലകര്‍ക്ക് സാധിക്കുന്നില്ല. വന്യമൃഗ ആക്രമണമുണ്ടായാല്‍ വിവിധ സ്‌റ്റേഷനുകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നാശനഷ്ടങ്ങള്‍ വിലയിരുത്താനും വാഹനം ഇല്ലാത്തത് വലിയ തിരിച്ചടിയാകുന്നു.
https://www.facebook.com/Malayalivartha

























