മാലാഖയാണവള്‍.... അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും നഴ്‌സായ സുനിതയെ സംശയിച്ചില്ല; ഇല്ലായ്മയില്‍ നിന്നും നഴ്‌സ് മോഹവുമായി എത്തിയത് അനാഥാലയത്തില്‍; അവിടെ നിന്നും പഠിച്ചു വളര്‍ന്ന സുനിതയ്ക്ക് പണവും പ്രതാപവുമായി; നാട്ടിലെല്ലാം നല്ല പേരുള്ള സുനിതയെ കുടുക്കിയത് കോര്‍ത്തിണക്കിയുള്ള ചോദ്യം ചെയ്യല്‍

പോലീസ് സ്റ്റേഷനില്‍ നിന്നും ജയിലേക്ക് സുനിത വണ്ടി കയറുമ്പോള്‍ അറിയാതെ നാട്ടുകാര്‍ ഓര്‍ത്തു പോകുകയാണ്, ഇതുനമ്മുടെ മാലാഖയല്ലേ. നഴ്‌സുമാര്‍ മാലാഖമാരാണെന്നാണ് പൊതുവേ പറയാറ്. ഒരു മാലഖയ്ക്ക് ഇത്രയും ക്രൂരത കാണിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് എവിടേയും. ഈ ചോദ്യമാണ് പോലീസുകാര്‍ക്കും ആദ്യം ഉണ്ടായത്. ആദ്യമൊക്കെ ചോദ്യം ചെയ്യലില്‍ പിടിച്ചുനിന്ന സുനിത പോലീസ് കടുപ്പിച്ചപ്പോള്‍ പിന്നീട് പൊട്ടിക്കരഞ്ഞുകൊണ്ട് എല്ലാം പറഞ്ഞു.
ദാരിദ്ര്യത്തില്‍ നിന്നും മുങ്ങിത്താണ സുനിതയുടെ ജീവിതം കുത്തനേയാണ് ഉയര്‍ന്നത്. വീട് ഇടിഞ്ഞുവീണപ്പോള്‍, ഒന്‍പതാം വയസില്‍ സുനിതയെ മാതാപിതാക്കള്‍ അനാഥാലയത്തിലാക്കി. നല്ല മാര്‍ക്കോടെ എസ്എസ്എല്‍സിയും പ്രീഡിഗ്രിയും ജയിച്ച സുനിത സെക്കന്തരാബാദില്‍ നഴ്‌സിങിന് ചേര്‍ന്നു. അവിടന്നാണ് ജീവിതം പച്ച പിടിച്ചതും സ്‌കൂള്‍ സമാഗമത്തിലൂടെ പ്രേംകുമാറുമായി അടുക്കുന്നതും. ആ സമാഗമം നടന്നില്ലായിരുന്നെങ്കില്‍ മാലാഖ മാത്രമായിരുന്നേനെ സുനിത. നശിച്ച ആ കോളേജ് ഗെറ്റുഗതര്‍.
സെപ്റ്റംബര്‍ 20നാണ് കഥയുടെ ആരംഭം പ്രേംകുമാര്‍ വിദ്യയുടെ ഫോണ്‍ എറണാകുളത്തു നേത്രാവതി എക്‌സ്പ്രസ് ട്രെയിനിലെ കുപ്പത്തൊട്ടിയില്‍ ഇട്ടത്. പിന്നീടുണ്ടാകുന്ന അന്വേഷണം വഴിതിരിച്ചു വിടാനായിരുന്നു ഈ ദൃശ്യം സിനിമാ തന്ത്രം പ്രയോഗിച്ചത്. പിന്നീട്, കഴുത്തിന് അസുഖമുള്ള വിദ്യയെ ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞ് തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയായിരുന്നു. അര്‍ധരാത്രിയോടെ പേയാട്ടെ വില്ലയിലെത്തി.പ്രേമിന്റെ പ്രേരണയില്‍ അമിതമായി മദ്യപിച്ച വിദ്യ ബോധംകെട്ട് ഉറങ്ങി.
പുലര്‍ച്ചെ കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. മുകള്‍നിലയിലുണ്ടായിരുന്ന സുനിത താഴെയെത്തി ഹൃദയമിടിപ്പു പരിശോധിച്ച് മരണം ഉറപ്പാക്കി. കാമുകിയെ വിവാഹം കഴിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൃതദേഹം 14 മണിക്കൂറാണ് വില്ലയില്‍ സൂക്ഷിച്ചത്. സെപ്റ്റംബര്‍ 21നു പുലര്‍ച്ചെ രണ്ടു മണിയോടെ തിരുവനന്തപുരത്തെ പേയാട്ടെ വില്ലയില്‍ വച്ച് വിദ്യയെ കൊലപ്പെടുത്തി മൃതദേഹം ശുചിമുറിയിലേക്ക് മാറ്റിയശേഷം ഭര്‍ത്താവ് പ്രേംകുമാറും കാമുകി സുനിതയും കിടന്നുറങ്ങി.രാവിലെ, സുനിത പതിവുപോലെ ആശുപത്രിയില്‍ ജോലിക്കു പോയി. പ്രേംകുമാറാകട്ടെ, കറങ്ങി നടന്നു സമയം കളഞ്ഞു. ക്ഷമകെട്ട്, പ്രേംകുമാര്‍ തന്നെ 2 മണിയോടെ ആശുപത്രിയിലെത്തി സുനിതയെ വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. മൃതദേഹം മറവു ചെയ്യാന്‍, പ്രേംകുമാര്‍ ഒരു സഹപാഠിയുടെ സഹായം തേടിയെങ്കിലും ലഭിച്ചില്ല.
കൊലപാതകത്തിനുശേഷം യുവതിയുടെ മൃതദേഹം തിരുനെല്‍വേലിവരെ കാറില്‍ കൊണ്ടുപോകാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.വിദ്യയുടെ മൃതദേഹം 21നു വൈകിട്ട് പ്രേമും സുനിതയും ചേര്‍ന്ന് കാറില്‍ കൊണ്ടുപോയി. മൃതദേഹം കാറില്‍ കയറ്റി പിന്‍സീറ്റില്‍ ഇരുത്തുകയായിരുന്നു.മൃതദേഹം ചരിഞ്ഞു വീഴാതിരിക്കാന്‍ പിന്നില്‍ തോളില്‍ കയ്യിട്ട് സുനിതയും ഇരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ വെളിവായത്. തിരുനെല്‍വേലി നാഗര്‍കോവില്‍ ദേശീയപാതയില്‍ രാധാപുരം നോര്‍ത്ത് വള്ളിയൂരില്‍ ഏര്‍വാടി ഓവര്‍ബ്രിജിനു സമീപത്തെ കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു.
മൃതദേഹം മറവു ചെയ്ത ശേഷം കൊച്ചിയില്‍ തിരിച്ചെത്തിയ പ്രേംകുമാര്‍ വിദ്യയെ കാണാനില്ലെന്ന് ഉദയംപേരൂര്‍ പൊലീസില്‍ സെപ്റ്റംബര്‍ 23ന് പരാതി നല്‍കി. സ്‌റ്റേഷനിലെത്തുമ്പോള്‍ സുനിത കാറിലുണ്ടായിരുന്നു. ഈ പരാതിയില്‍ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമ്പോള്‍ പൊലീസിനെ വഴിതെറ്റിക്കാനാണ് ആദ്യമേ ഫോണ്‍ ട്രെയിനില്‍ ഉപേക്ഷിച്ചത്. ആ നീക്കം പോലീസ് പൊളിച്ചടുക്കിയതോടെ ആ തന്ത്രം പൊളിഞ്ഞു. അവസാനം പ്രേംകുമാര്‍ തന്നെ കൊല്ലുമെന്ന് സുനിത ഭയന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. സുഹൃത്തിന്റെ വാട്‌സാപ്പ് സന്ദേശം കൂടിയായപ്പോള്‍ സുനിതയെന്ന മാലാഖയ്ക്ക് കുരുക്കുമുറുകി.
https://www.facebook.com/Malayalivartha


























