ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രതിജ്ഞ ഏറ്റുചൊല്ലി മന്ത്രി കെ.കെ. ശൈലജ ടീച്ചർ

'ഭിന്നശേഷി സൗഹൃദ കേരളം' എന്ന സന്ദേശം ഉള്‍ക്കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞയെടുത്തു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെയാണ് പ്രതിജ്ഞ സംഘടിച്ചത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം വഴുതക്കാട് ഗവ. വിമന്‍സ് കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആരോഗ്യ സാമൂഹ്യ നീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥരും പ്രതിജ്ഞ ഏറ്റുചൊല്ലി. ഈ കോളേജിലെ ഒന്നാം വര്‍ഷ ബി.എ. സൈക്കോളജി വിദ്യാര്‍ത്ഥിയും ഭിന്നശേഷിക്കാരിയുമായ അപര്‍ണ വാര്യരാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
എല്ലാ മേഖലയിലും ഭിന്നശേഷിക്കാര്‍ ഉള്‍ച്ചേര്‍ന്ന ഭിന്നശേഷി സൗഹൃദ സമൂഹമാണ് നമുക്കാവശ്യമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പ്രതിജ്ഞയില്‍ പറയുന്ന കാര്യങ്ങള്‍ ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായുള്ള പ്രായോഗിക പ്രവര്‍ത്തനത്തിനുള്ള ഊര്‍ജമായി മാറട്ടേയെന്ന് മന്ത്രി ആശംസിച്ചു. ഇത്തരത്തില്‍ ഭിന്നശേഷി ശാക്തീകരണത്തിനായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് മികച്ച ഭിന്നശേഷി ശാക്തീകരണത്തിനുള്ള ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡെന്നും മന്ത്രി വ്യക്തമാക്കി.
സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹനന്‍, മാനേജിംഗ് ഡയറക്ടര്‍ മൊയ്തീന്‍കുട്ടി, സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ജെ.എസ്.അനില എന്നിവരും കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
https://www.facebook.com/Malayalivartha


























