വീണ്ടുമൊരു ഹര്‍ത്താല്‍... പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി കേരളത്തില്‍ ആദ്യ ഹര്‍ത്താല്‍; മുപ്പതില്‍ അധികം സംഘടനകളടങ്ങിയ സംയുക്ത സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ കേരളത്തിലും പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതിനാല്‍ എല്ലാം നിരീക്ഷിച്ച് കേന്ദ്രവും

പൗരത്വ ഭേദഗതി ബില്ലിനെതിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കത്തിപ്പടരുമ്പോള്‍ കേരളം ശാന്തമാണ്. പൗരത്വ ഭേദഗതി ബില്‍ ഇരു സഭകളും പാസാക്കുകയും രാഷ്ട്രപതി ബില്‍ പാസാക്കി നിയമമാക്കുകയും ചെയ്തു. അതിനിടെ സംസ്ഥാനത്ത് ഈ മാസം പതിനേഴിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മുപ്പതില്‍ അധികം സംഘടനകളടങ്ങിയ സംയുക്ത സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്‍, ദേശീയ പൗരത്വ പട്ടിക എന്നിവയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി, ഡിഎച്ച്ആര്‍എം എന്നീ പാര്‍ട്ടികള്‍ ഹര്‍ത്താലിന് പിന്തുണ അറിയിച്ചു.
രാജ്യത്തെ വിഭജിക്കുന്ന സമീപനത്തിലേക്ക് കേന്ദ്രം പോകുമ്പോള്‍ അതിനൊരു ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താലെന്ന് സംഘടനകള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എന്‍.ആര്‍.സിയും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണ്.
മതജാതി പരിഗണനകള്‍ക്ക് അതീതമായ ഭരണഘടന നിര്‍വചിച്ച ഇന്ത്യന്‍ പൗരത്വം മുസ്ലിംങ്ങള്‍ക്ക് നിഷേധിക്കുക എന്ന ആര്‍.എസ്.എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 5എ, 5ബി, 5സി, 14, 15 എന്നിവ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു. രാജ്യത്ത് ജനിച്ച് ജീവിക്കുന്ന ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കി അവരെ രാജ്യമില്ലാത്ത ജനതയാക്കുക എന്ന ലക്ഷ്യം വെച്ചാണ് എന്‍.ആര്‍.സി തയ്യാറാക്കുന്നതെന്നാണ് പത്രക്കുറിപ്പ് പറയുന്നത്. രാജ്യത്തെ വിഭജിക്കുന്ന ഈ നിയമങ്ങള്‍ക്കെതിരെ ശക്തമായ ജനാധിപത്യ ജനകീയ പ്രതിരോധം കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്.
രാഷ്ട്രീയസാമൂഹികമതസാംസ്‌കാരിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവര്‍ത്തകരും ഒരുമിച്ചുനിന്ന് സംഘ്പരിവാര്‍ സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവുമായ നിലപാടുകളെ ചെറുക്കണം. ഇതിന് ദീര്‍ഘമായ പ്രക്ഷോഭം അനിവാര്യമാണെന്നും പറയുന്നു.
വിശാല ജനകീയ പ്രക്ഷോഭങ്ങളുടെ തുടക്കമെന്നോണം പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും എന്‍.ആര്‍.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 17 ചൊവ്വാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ ആചരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംയുക്ത യോഗമാണ് തീരുമാനിച്ചത്. ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിനെതിരെയുളള ജനാധിപത്യ പ്രതിഷേധത്തില്‍ പങ്കാളികളായി ഹര്‍ത്താല്‍ വന്‍ വിജയമാക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു.
മറ്റ് സജീവ രാഷ്ട്രീയക്കാര്‍ ഈ ഹര്‍ത്താലിന് മാനസിക പിന്തുണ നല്‍കിയാല്‍ കേരളം സ്തംഭിക്കുന്ന അവസ്ഥയാകും. അതേസമയം തന്നെ കേന്ദ്രം സസൂക്ഷമാണ് ഈ ഹര്‍ത്താലിനെ കാണുന്നത്. കേരളത്തിലെ ചിലര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന എന്‍ഐഎ കണ്ടെത്തലുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടി നിരീക്ഷണം ശക്തമാക്കാനൊരുങ്ങുകയാണ് കേന്ദ്രം.
അതേസമയം പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഭരണാഘടനാപരമായ കാര്യങ്ങള്‍ മാത്രമേ നടപ്പാക്കാന്‍ കഴിയുകയുള്ളൂ. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണാഘടനാ വിരുദ്ധമായ കാര്യങ്ങള്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. നിയമത്തിന്റെ സാധുത ലഭിക്കാവുന്ന എല്ലാ അവസരങ്ങളിലും കേരളം ചോദ്യം ചെയ്യും. കലാപ കലുഷിതമായ അവസ്ഥയിലേക്ക് രാജ്യത്തെ നയിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























