കാറിടിച്ച് പരുക്കേറ്റ സ്കൂള്‍ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ഇറക്കിവിട്ടു.. മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
കാറിടിച്ച് പരുക്കേറ്റ സ്കൂള്‍ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വഴിയില്‍ ഇറക്കിവിട്ടതിനെത്തുടര്‍ന്ന് ചികിത്സ വൈകിയതോടെ കുട്ടി മരിച്ചു. പാലക്കാട് ചിറ്റൂരില്‍ നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകന് സുജിത് (12)ആണു മരിച്ചത്. മലപ്പുറം റജിസ്ട്രേഷനിലുള്ള കാറാണ് ഇടിച്ചതെന്നും നമ്പര്‍ കിട്ടിയിട്ടുണ്ടെന്നും പൊലിസ് പറയുന്നു. കുട്ടിയെ ഇടിച്ച കാറിലെ യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ടയര്‍ പഞ്ചറായതുകൊണ്ടാണ് വഴിയില്‍ ഇറക്കിയതെന്നാണ് അവര്‍ പറയുന്നത്. ഇന്നലെ വൈകിട്ടു നാലരയോടെ സുജിത്തിനെ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇടയ്ക്കു വച്ചു ടയര്‍ പഞ്ചറായെന്നു പറഞ്ഞ് ഇറക്കി വിട്ടുവെന്നും തുടര്‍ന്ന് കാര്‍ യാത്രക്കാര്‍ സ്ഥലംവിട്ടുവെന്നും സുജിത്തിനൊപ്പം പോയ പരമന് പറയുന്നു. ആറ് കിലോമീറ്റര്‍ ദൂരെയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് പറഞ്ഞത്.
ചെവിക്കൊള്ളാതെ ഡ്രൈവര്‍ പാലക്കാട് ഭാഗത്തേക്കാണ് പോയതെന്നു ഇയാള്‍ പറഞ്ഞു. മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലെത്തിക്കാനും ഡ്രൈവര്‍ പറഞ്ഞു. പെട്ടെന്ന് ഇറങ്ങി എതിരെ വന്ന വാന്‍ കൈകാണിച്ചു നിര്‍ത്തി നാട്ടുകല്ലിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപ്പുപ്പിള്ളയൂര്‍ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് സുജിത്. ക്ലാസ് കഴിഞ്ഞ ശേഷം, ഇരട്ടക്കുളത്തെ തറവാട്ടില്‍ മുത്തശ്ശന്റെ ചരമവാര്‍ഷികച്ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു സുജിത്.
https://www.facebook.com/Malayalivartha