വിഗിനുള്ളില്‍ വച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി, മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

ദുബായില്‍ നിന്ന് മുംബൈയില്‍ എത്തിയ മലപ്പുറം സ്വദേശി സലൗദ്ദീന്‍ കരാട്ടുചാല്‍ (23) വിഗിനുള്ളില്‍ വച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് പിടിയിലായി. ബുധനാഴ്ചയാണ് 27 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കസ്റ്റംസിലെ എയര്‍ ഇന്റലിജന്‍സ് വിഭാഗം ഇയാളെ പിടികൂടിയത്.
തലയില്‍ ഫിറ്റ് ചെയ്ത വിഗിനുള്ളില്‍, പൊടിരൂപത്തിലാക്കിയ ഒരു കിലോയോളം സ്വര്‍ണം വച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു സലൗദ്ദീന്‍. ഗ്രീന്‍ ചാനലിലൂടെ പുറത്തുകടക്കാന്‍ ശ്രമിച്ച സലൗദ്ദിനെ അധികൃതര്‍ തടഞ്ഞുവച്ചു പരിശോധിച്ചു. ഇയാളുടെ ബാഗുകള്‍ പരിശോധിച്ചതില്‍ നിന്ന് അനധികൃതമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ വിട്ടയക്കാന്‍ തുടങ്ങിയ ഉദ്യോഗസ്ഥന്‍ മുടിയുടെ ഉയരത്തിലുള്ള അസ്വാഭാവികത ശ്രദ്ധയില്‍ പെട്ടതോടെയാണ് പരിശോധിച്ചത്.
മുടി പരിശോധിച്ചപ്പോളാണ് അത് വിഗ് ആണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടത്. സ്വാഭാവിക മുടി ഉണ്ടായിരിക്കേ അത് വടിച്ചുമാറ്റിയ ശേഷമാണ് വിഗ് വച്ചതെന്ന് ബോധ്യപ്പെട്ട അധികൃതര്‍ വിഗ് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ പൊടി രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ചുവച്ചതായി കണ്ടെത്തിയത്.
മലപ്പുറത്തെ നിര്‍ധന കുടുംബത്തിലെ അംഗമാണ് താണെന്നും മുനീര്‍, ആഷിഖ് എന്നിവര്‍ക്ക് വേണ്ടിയാണ് താന്‍ സ്വര്‍ണം കടത്തിയതെന്നും സലൗദ്ദീന്‍ സമ്മതിച്ചു. ദുബായില്‍ വന്നുപോകുന്നതിനുള്ള ചെലവും അവരാണ് വഹിച്ചത്. ആദ്യമായാണ് താന്‍ ദുബായ് സന്ദര്‍ശിക്കുന്നതെന്ന് വ്യക്തമാക്കിയ സലൗദ്ദീന്‍, സ്വര്‍ണം നാട്ടിലെത്തിച്ചാല്‍ 20,000 രൂപ നല്‍കാമെന്ന് മുനീറും ആഷിഖും വാഗ്ദാനം ചെയ്തിരുന്നുവെന്നും സലൗദ്ദീന്‍ പറഞ്ഞു.
ഒക്ടോബറില്‍ നെടുമ്പാശേരി വിമാനത്താവളത്തിലും സമാനമായ രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചിരുന്നു. ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ നൗഷാദ് ആണ് അന്ന് പിടിയിലായത്. 1.13 കിലോ സ്വര്‍ണമാണ് നൗഷാദ് വിഗിനുള്ളില്‍ വച്ച് കടത്താന്‍ ശ്രമിച്ചത്.
https://www.facebook.com/Malayalivartha


























