പിണറായിയും ചെന്നിത്തലയും ഒറ്റക്കെട്ട് ; പൗരത്വ ഭേദഗതി ബിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കക്ഷിചേരും; 16ന് രാവിലെമുതല്‍ ഉച്ചവരെ പാളയം രക്ഷസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ പരിപാടി

പൗരത്വ ഭേദഗതി ബിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കക്ഷിചേരും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാരും പ്രതിപക്ഷവും യോജിച്ച സമരത്തിന് ഒരുങ്ങുകയാണ്. 16ന് രാവിലെമുതല്‍ ഉച്ചവരെ പാളയം രക്ഷസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ പരിപാടി. ഇത് സംബന്ധിച്ച് പ്രതിപക്ഷേ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചു.
പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള നീക്കമാണ് എന്ന രീതിയിലാണ് ഭരണപക്ഷവും പ്രതിപക്ഷവും കാണുന്നത്. സംസ്ഥാനത്ത് നിയമം നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിയമത്തിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പ്രതിപക്ഷ നേതാവ് കക്ഷി ചേരാനും തീരുമാനിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് യോജിച്ചുള്ള പ്രക്ഷോഭത്തിന് ശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ എല്ലാ കക്ഷി നേതാക്കളും പ്രക്ഷോഭത്തില്‍ പങ്കുചേരും.
പൗരത്വ ഭേദഗതി നിയമം കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ല. പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള ഒരു വേർതിരിവും അനുവദിക്കില്ല. എല്ലാ മതത്തിൽപ്പെട്ടവർക്കും ഒരു മതത്തിലും പെടാത്തവർക്കും ഇന്ത്യൻ പൗരനെന്ന നിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതു ഭരണഘടനാ തത്വമാണ്. ആ അവകാശങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് രാജ്യത്തിൻറെ നയം. സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നയവും ഇതാണ്. മതാടിസ്ഥാനത്തിലുള്ള രാജ്യമായി വിഭജിക്കുക എന്ന ആർഎസ്എസ് നേതാക്കളുടെ മോഹമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്രസർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നത്. ഈ നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിൻറെ ഭാഗമാണിത്. ഭരണഘടനയുടെ അടിത്തറതന്നെ മതേതരത്വമാണെന്നു സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കിയതാണ്. നിയമത്തിലൂടെ കേന്ദ്രം സൃഷ്ടിക്കുന്നത് മതത്തിൻറെ പേരിലുള്ള വേർതിരിവാണ്. ഇന്ത്യാവിഭജനം നടന്നപ്പോൾ ഞങ്ങൾക്ക് പാകിസ്ഥാനല്ല വേണ്ടത്, മതേതര രാഷ്ട്രമായ ഇന്ത്യയിലാണ് താമസിക്കാൻ താൽപര്യമെന്നു പറഞ്ഞുവന്ന മുസ്ലീംകളുള്ള നാടാണിത്. മതനിരപേക്ഷതയാണ് രാജ്യത്തിൻറെ ഔന്നത്യം. അതു വിട്ട് മതരാഷ്ട്രമായ പാകിസ്ഥാനോട് നമ്മളെ ഉപമിക്കുകയാണ്. അവിടെ നടക്കുന്നതുപോലെ ഇവിടെയും നടക്കണം എന്നു ശഠിക്കുന്ന പ്രാകൃത രാഷ്ട്രീയമാണ് ആർഎസ്എസിന്റേത്. വ്യത്യസ്ത ജാതി മതത്തിൽപ്പെട്ടവർ ഐക്യത്തോടെയാണ് ഇന്ത്യയിൽ കഴിയുന്നത്. അതാണ് നമുക്കുള്ള സാര്‍വദേശീയ ഖ്യാതി. അതു തകർക്കാനും കലാപകലുഷിതമായ രാജ്യങ്ങളുടെ ദുർഗതിയിലേക്ക് ഇന്ത്യയെ നയിക്കാനുമാണ് ഈ നിയമം കൊണ്ടുവരുന്നത്. ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ രാജ്യത്തെ നാണം കെടുത്തുന്ന നിയമമാണിതെന്നുമായിരുന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.
ബില്ലിനെ ചൊല്ലി രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം കത്തുന്നതിനിടെയാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു. ഏറെ വിവാദങ്ങള്‍ക്കും മാരത്തണ്‍ സംവാദങ്ങള്‍ക്കും ഒടുവിലാണ് പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ച രാജ്യസഭ പാസാക്കിയത്. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വച്ചതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറി.
പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 105-നെതിരെ 125-വോട്ടുകള്‍ക്കായിരുന്നു ബില്‍ രാജ്യസഭ പാസാക്കിയത്.
ബില്‍ നിയമമായി മാറിയതോടെ പ്രതിഷേധം കനക്കാനുള്ള സാധ്യതയേറിയിരിക്കുകയാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മേഘാലയയിലും പ്രതിഷേധം ഇതിനകം അക്രമത്തിലേക്ക് വഴിമാറിയിട്ടുണ്ട്. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ വാഹനം തടഞ്ഞു. മേഘാലയയിൽ തുടരുന്ന പ്രതിഷേധത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കനത്ത പ്രതിഷേധം തുടരുന്ന അസമിൽ മൂന്ന് പേര്‍ പൊലീസ് വെടിവയ്പ്പിൽ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് പേര്‍ മരിച്ചതായി അസം ഡിജിപി സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























